റമളാൻ: ഉസ്മാനീ ചര്യകൾ

Ramadn in ottoman period

റമളാൻ ആത്മ വിശുദ്ധിയുടെ ദിനങ്ങളാണ്, സ്രഷ്ടാവിലേക്കടുക്കാനുള്ള തയ്യാറെടുപ്പാണ്. ശാന്തമായ പകലുകളും സജീവമായ രാത്രികളുമടങ്ങിയ റമളാൻ മാസം ഉസ്മാനി ഭരണകാലത്തെ സന്തോഷ ദിനങ്ങളായിരുന്നു.

റമളാൻ കടന്നുവന്നാൽ ദൗലത് ഒരു വിജ്ഞാപനമിറക്കും(Tembihname). ആത്മ വിശുദ്ധി ഉറപ്പു വരുത്തണമെന്നും  നിഷിദ്ധമായവയിൽ നിന്ന് മാറി നിൽക്കണമെന്നും പരിസരങ്ങൾ വൃത്തിയാക്കണമെന്നും നിസ്കാരങ്ങൾ ജമാഅത്തായി നിർവഹിക്കണമെന്നും തുടങ്ങിയ കൽപനകൾക്കൊപ്പം പാവപ്പെട്ടവരെ പരിഗണിച്ച് കച്ചവട സാധനകൾക്ക് മിതമായ കുറഞ്ഞ വില ഏർപ്പെടുത്തണമെന്നും അതിൽ അടങ്ങിയിരിക്കും. വിലവർധനവിനെതിരെ ഭരണകൂടം ശക്തമായി രംഗത്ത് വരും. (A model of Ramadan Tembihname from "Magnificent century": watch)

ദാനധർമങ്ങൾ പെരുകുന്ന മാസം കൂടിയാണിത്. കടകളിൽ ചെന്ന് 'പറ്റുപുസ്തക' (zimem Defterleri) മെടുത്ത് കടം വീട്ടുന്ന രീതിയുണ്ടായിരുന്നു. വീട്ടുന്നയാൾക്ക് താൻ ആരുടെ കടമാണ് വീട്ടിയത് എന്നറിയില്ല, കടക്കാരന് തന്റെ കടം ആരാണ് വീട്ടിയത് എന്നും അറിയില്ല.

പള്ളികളിലും പൊതുസ്ഥലങ്ങളിലും വലിയ പെട്ടികൾ സ്ഥാപിക്കപ്പെടും. ധനികർ തങ്ങളുടെ സംഭാവനകൾ അതിൽ നിഷേപിക്കും. ദരിദ്രർ വേണ്ട സമയത്ത് വന്ന് തങ്ങളുടെ ആവശ്യാനുസരണം എടുത്തു പോകും. പള്ളികൾ നിബിഢമായിരിക്കും. 

ഇഫ്താർ സമയങ്ങളിൽ വീടിൻ്റെ വാതിലുകൾ തുറന്നു വെക്കും. ആർക്കും കടന്നു വരാമെന്ന ഉദ്ദേശ്യത്താലാണിത്. ഇഫ്താർ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യത്തെ ഘട്ടത്തിന് 'ഇഫ്താരിയെ' എന്ന് പറയും. ഇതിൽ ചെറിയ വിഭവങ്ങൾ മാത്രമാണുണ്ടാവുക. രണ്ടാം ഘട്ടത്തിലാണ് ഭക്ഷണം വിളമ്പുന്നത്. ഇത് അധികവും മഗ്‌രിബ് നിസ്കാര ശേഷമായിരുന്നു നടന്നിരുന്നത്.   

ആദ്യമായി നോമ്പ് നോൽക്കുന്ന ചെറിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതും അവരുടെ ശീലമായിരുന്നു. നോമ്പ് പൂർത്തീകരിക്കാനാവാത്ത കുട്ടികളെ ഉച്ച വരെ നോമ്പെടുക്കാൻ പ്രേരിപ്പിക്കുന്നതിലും അവർ ശ്രദ്ധിച്ചിരുന്നു. 

റമളാനിലെ രാത്രികളിൽ തെരുവുകൾ ജനനിബിഢമായിരിക്കും. കോഫി ഹൗസുകളിൽ തുർക്കിഷ് ഖഹ്‌വക്കായി ജനങ്ങൾ നിറഞ്ഞു തുടങ്ങും. കാരാഗോസ് നാടകം പോലെയുള്ള പരിപാടികൾ വഴിയരികിൽ സജീവമായി നടന്നിരുന്നു. റമളാനിൽ പ്രത്യേകമായ പാട്ടുകളും ഉണ്ടായിരുന്നു.

'മുഹമ്മദീയരെ മനസ്സിലാക്കാൻ കൂടുതൽ പുസ്തകം വായിക്കുന്നതിന് പകരം റമളാനിൽ ഇസ്താംബൂളിലെ തെരുവുകളിലൂടെ നടന്നാൽ മതി' എന്ന് അക്കാലത്ത് തുർക്കി സന്ദർശിച്ച ഒരു ബ്രിട്ടീഷുകാരി കുറിച്ചു വെച്ചു. സൗഹൃദത്തിന്റെയും സേവനത്തിന്റെയും ആത്മ സംസ്കരണത്തിന്റെയും  ദിനരാത്രങ്ങളായിരുന്നു  റമളാൻ.

Visit : 

സൗഹാർദവും സൽക്കാരങ്ങളും തീർത്ത ഉസ്മാനികളുടെ റമളാൻ നാളുകൾ

Post a Comment

Previous Post Next Post