ബഷീറിന്റെ 'കമാലും' വികല ചരിത്രാഖ്യാനങ്ങളും

 Vaikkom Muhammd Basheer on Kemal Ataturk

ബഷീറിന്റെ ഒരിക്കൽ മാത്രം പ്രസിദ്ധീകൃതമായി വിസ്‌മൃതിയിലായ രചന 'കമാൽ' പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ്. ഓട്ടോമൻ ഖിലാഫത്തിന്റെ പതനത്തിന് ശേഷം മുസ്തഫാ കമാൽ അധികാരത്തിലേറുന്നതും തുർക്കിയെ ഒരു മതേതര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നതുമാണ് കൃതിയുടെ പശ്ചാത്തലം. തുർക്കികൾ അവരുടെ പിതാവായിക്കണ്ട് "അതാ തുർക്" എന്നു വിളിക്കുന്ന തുർക്കിഷ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡണ്ട് മുസ്തഫാ കമാൽ പാഷ നടപ്പിൽവരുത്തിയ പരിഷ്കാരങ്ങളെ മഹത്വവത്കരിച്ച് കൊണ്ടും ഓട്ടോമൻ ഖലീഫമാരെ വിമർശിച്ചുകൊണ്ടുമാണ് 'കമാൽ' തുടങ്ങുന്നതും അവസാനിക്കുന്നതും.

1939 ൽ ബഷീറിന്റെ മുപ്പതാം വയസ്സിലാണ് ഈ രചന ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. ബഷീറിന്റെ രചനാ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളായിരുന്നതിനാൽ തന്നെ മിസ്റ്റർ മുഹമ്മദ് ബഷീർ എന്ന പേരിലാണ് എറണാകുളത്തെ എ. എൻ ശിവരാമൻ നായരുടെ പ്രസ്സിലൂടെ 'കമാൽ' പുറത്തിറങ്ങുന്നത്. അപ്പോഴേക്കും തുർക്കി റിപ്പബ്ലിക്കായിട്ട് പതിനഞ്ചു വർഷങ്ങൾ പിന്നിട്ടിരുന്നു.


അതാതുർക്കിനെ വിമോചകനാക്കുമ്പോൾ

ബഷീർ മാത്രമല്ല മുസ്തഫാ കമാലിനെ മഹത്വവത്കരിച്ചിട്ടുള്ളത്. തുർക്കിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടെ സമയത്ത് ഇന്ത്യയിൽ നിന്ന് ഒരുപാട് നേതാക്കൾ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ചൊല്പടിയിലായിരുന്ന സുൽത്താൻ വഹദുദ്ദീനെ മുസ്‌തഫാ കമാൽ സ്ഥാനഭ്രഷ്ടനാക്കിയ നടപടിയെ അനുകൂലിച്ച് ഇന്ത്യയിലെ ഖിലാഫത്ത് കമ്മിറ്റി രംഗത്തുവന്നിരുന്നു. മുസ്‌തഫാ കമാലിനെ 'സൈഫുൽ ഇസ്‌ലാം' എന്നും 'മുജാഹിദെ ഖിലാഫത്' എന്നും ആദരസൂചകമായി അവർ അഭിസംബോധന ചെയ്തിരുന്നു. 1924 ൽ ഖിലാഫത്തിനെ തന്നെ നിർമാർജനം ചെയ്തപ്പോൾ ഇനി മുസ്തഫാ കമാൽ ഖലീഫയാവണം എന്ന ആവശ്യവുമായി ഇന്ത്യയിൽനിന്ന് കത്തുകളയച്ചിരുന്നു. അവസാനത്തെ ഖലീഫ അബ്ദുൽമജീദ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ ഖിലാഫത് അധികാരം സ്വമേധയാ അന്നത്തെ ഏറ്റവും വലിയ മുസ്‌ലിം ശക്തിയായ തുർക്കിഷ് പാർലമെന്റിലേക്ക് എത്തിയിരിക്കുന്നു എന്ന് അബുൽ കാലം ആസാദിനെപ്പോലെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.

മുസ്‌തഫാ കമാലിന്റെ ഖിലാഫത് നിർമാർജനത്തെ അനുകൂലിച്ചിരുന്ന മറ്റൊരു പ്രധാന വ്യക്തിയാണ് അല്ലാമാ ഇഖ്‌ബാൽ. നിഷ്ക്രിയമായിരുന്ന ഖിലാഫത്തിനെ പൂർണമായും അവസാനിപ്പിക്കൽ അനിവാര്യമായിരുന്നുവെന്ന് പറഞ്ഞ് കമാലിന്റെ 'ഇജ്‌തിഹാദി'നെ ഇസ്‌ലാമികമായി ശരിവെക്കുകയായിരുന്നു ഇഖ്‌ബാൽ. മുസ്‌തഫാ കമാലിനെ മുസ്‌ലിംകളുടെ നേതാവാക്കി കവിതകളും പ്രസംഗങ്ങളും അദ്ദേഹം നിർവഹിച്ചു.

എന്നാൽ 1930 കളോടെ ഇത്തരം നിരീക്ഷകരെല്ലാം തിരുത്തിപ്പറയാൻ തുടങ്ങിയിരുന്നു. അധികാരത്തിലേറുന്നത് വരെ ഇസ്‌ലാമിനെയും ലോക മുസ്‌ലിംകളെയും കൂട്ടുപിടിച്ചിരുന്ന മുസ്‌തഫാ കമാൽ അധികാരം കൈവന്നപ്പോൾ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ തികച്ചും ഇസ്‌ലാമിക വിരുദ്ധമായിരുന്നതിനാൽ തന്നെ മുസ്‌ലിം ലോകത്ത് അദ്ദേഹം ഏറെ വിമർശിക്കപ്പെട്ടു തുടങ്ങി. കമാലിന്റേത് 'മൗഢ്യമായ പടിഞ്ഞാറൻ അനുകരണം' മാത്രമാണെന്ന് ഇഖ്‌ബാൽ തന്നെ തിരുത്തി.


വർഷങ്ങൾക്കു ശേഷം 1939 ൽ ബഷീറിന്റെ എഴുത്തിൽ മുസ്തഫാ കമാലിനെ മഹത്വവത്കരിക്കുന്നത് തികച്ചും ഉൾക്കൊള്ളാനാവാത്തതാണ്. അതും ഖിലാഫത്തിന് വേണ്ടി സമരങ്ങൾ സജീവമായിരുന്ന കേരളത്തിൽ നിന്ന്. ഒരു പക്ഷെ, ബ്രിട്ടീഷ് അധീനതയിലുള്ള ഇന്ത്യയിൽ ബ്രിട്ടീഷുകാർ ഖിലാഫത്തിനെക്കുറിച്ചും കമാലിനെക്കുറിച്ചും പ്രചരിപ്പിച്ച നരേറ്റീവുകളാവാം ബഷീറിന്റെ അവലംബം. ബഷീർ നീണ്ട കാലത്തെ ഇന്ത്യയുടെ പലഭാഗങ്ങളിലായുള്ള യാത്രകൾ കഴിഞ്ഞു മടങ്ങി വന്ന സമയത്താണ് ഈ രചന നടക്കുന്നത്. ഒരു പക്ഷെ, ഈ യാത്രക്കിടയിൽ ഉത്തരേന്ത്യയിലെ ഏതെങ്കിലും മുസ്‌ലിം മോഡേണിസ്റ്റുകളുടെ വാദങ്ങളിൽ ബഷീർ ആകൃഷ്ടനായിരുന്നിട്ടുണ്ടാവാം. പിൽക്കാലത്ത് തൻ്റെ നിലപാടുകളിൽ മാറ്റം വന്ന ശേഷം താൻ എഴുതിവെച്ചതിലെ അപൂർണതയും വസ്തുതാപിശകുകളും മനസ്സിലാക്കിയ ബഷീർ തന്നെ ഈ രചന വിസ്‌മൃതിയിലാകണമെന്നും പുനഃപ്രസിദ്ധീകരിക്കപ്പെടെരുതെന്നും ആഗ്രഹിച്ചിരിക്കണം. അതിനാലാവാം ബഷീറിന്റെ 'കമാൽ' വെളിച്ചം കാണാതെ പോയത്.


വസ്തുതാപിശകുകൾ

സുൽത്താൻ അബ്ദുൽഹമീദിനെയാണ് ബഷീർ കാര്യമായി വിമർശിക്കുന്നത്. മുസ്തഫാ കമാലിന്റെ പോരാട്ടങ്ങളേറെയും അബ്ദുൽ ഹമീദിനെതിരെയായിരുന്നു എന്ന് വായനക്കാർക്ക് തോന്നിപ്പിക്കുന്ന രൂപത്തിലാണ് എഴുത്ത്. തുർക്കി ഖിലാഫത്തിന്റെ മുപ്പത്തിനാലാമത്തെ ഭരണാധികാരിയാണ് അദ്ദേഹം.(ആഴ്ചപ്പതിപ്പിലെ മറ്റു ചില ലേഖനങ്ങളിലും ഇദ്ദേഹത്തെ അവസാന ഖലീഫയായി പരാമർശിക്കുന്നുണ്ട്. അവസാനത്തെ പൂർണാധികാരമുള്ള ഖലീഫ എന്നു വേണമെങ്കിൽ പറയാമെങ്കിലും അദ്ദേഹത്തിന് ശേഷവും 3 ഖലീഫമാർ വന്നിട്ടുണ്ട്. അവരുടെ കാലത്താണ് കമാൽ രംഗത്തുവരുന്നതും ലോകമഹായുദ്ധങ്ങൾ അരങ്ങേറുന്നതുമെല്ലാം) 1876 മുതൽ 1909 വരെ മുപ്പതു വർഷങ്ങളാണ് അദ്ദേഹം ഭരിച്ചത്. അഥവാ ബഷീറിന് ഒരു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ തന്നെ അബ്ദുൽഹമീദ് യുവതുർക്കികളാൽ സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നുണ്ട്. രചനയിൽ പ്രതിപാദിച്ചത് പോലെ 1918 ൽ തന്നെയാണ് അദ്ദേഹം മരണപ്പെടുന്നത്. പക്ഷെ, 1909 മുതൽ 1918 വരെ സുൽത്താൻ നാടുകടത്തപ്പെട്ട് വീട്ടുതടങ്കലിൽ കഴിയുകയാണ്. തുർക്കി രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ ഒരു ഇടപെടലും ഈ കാലത്ത് ഉണ്ടായിട്ടില്ല.


അബ്ദുൽഹമീദിനെ ക്രൂരനായ സ്വേച്ഛാധിപതിയായി ചിത്രീകരിക്കുന്ന ബഷീർ പൂർണമായും പടിഞ്ഞാറൻ ആഖ്യാനങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങുകയാണ്. സുൽത്താനെ അപരിഷ്കാരിയും രക്തദാഹിയും വികസനവിരോധിയുമായി പരിചയപ്പെടുത്തിയ പടിഞ്ഞാറൻ ക്യാൻവാസുകൾക്ക് ഏറെ പ്രചാരം ലഭിച്ചത് കൊണ്ടാണ് എത്രയോ മികച്ച പരിഷ്കാരങ്ങളും വിദ്യഭ്യാസ വിപ്ലവങ്ങളും നടപ്പിലാക്കിയ സുൽത്താന്റെ 33 വർഷഭരണകാലം പലരും പഠനവിധേയമാക്കാത്തത്. അബ്ദുൽഹമീദിന്റെ ഭരണകാലത്ത് മുസ്തഫ കമാൽ വിദ്യാർത്ഥിജീവിതത്തിലാണ്. അതിനാൽ തന്നെ വിദ്യാർത്ഥി കാലത്തെ പ്രക്ഷോഭങ്ങളും വിരുദ്ധാഭിപ്രായങ്ങളുമായിരിക്കും അബ്ദുൽഹമീദുമായി കമാലിനുണ്ടായിരുന്ന ബന്ധം.


അബ്ദുൽഹമീദിനെക്കാൾ മുസ്‌തഫാ കമാൽ എതിരിട്ടത് ശേഷം വന്ന സുൽത്താന്മാരെയും യുവതുർക്കി ഭരണകൂടത്തെയുമാണ്. കമാൽ സൈനിക ജീവിതത്തിലേക്കിറങ്ങുന്നത് 1909 മുതലാണ്. ആ സമയത്ത് മെഹ്മദ് റഷാദാണ് (മെഹ്മെദ് അഞ്ചാമൻ) സുൽത്താൻ. അദ്ദേഹത്തിന്റെ മരണശേഷം ശേഷം 1918 ൽ വഹ്ദുദ്ദീനും (മെഹ്മെദ് ആറാമൻ)  അധികാരത്തിലേറി. 1909 ൽ യുവതുർക്കികൾ അബ്ദുൽഹമീദിനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം അവർ തന്നെയാണ് ഭരണം നടത്തിയിരുന്നത്. സുൽത്താന് നാമമാത്രമായ അധികാരങ്ങളേയുള്ളൂ. യുവതുർക്കികളുടെ നേതാവായ അൻവർ പാഷയാണ് 1918 ൽ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച സമയത്ത് ജർമനിക്കൊപ്പം സഖ്യത്തിൽ ചേരാൻ തീരുമാനിച്ചത്. ഈ തീരുമാനത്തെ ശക്തമായി എതിർത്തയാളായിരുന്നു മുസ്തഫാ കമാൽ. എന്നാൽ യുദ്ധത്തിന് ഇറങ്ങാൻ നിർബന്ധിതമായപ്പോൾ രാജ്യതാല്പര്യത്തെ പരിഗണിച്ച് അദ്ദേഹം മുൻനിരയിൽ തന്നെ അണിനിരക്കുകയും ചെയ്തു. ഈ പോരാട്ടങ്ങളിലൂടെയാണ് മുസ്തഫ കമാൽ തുർക്കികൾക്കിടയിൽ പ്രസിദ്ധനാവുന്നതും സ്വീകാര്യത ലഭിക്കുന്നതും.

ഒന്നാം ലോക മഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം കനത്ത പരാജയം ഏറ്റുവാങ്ങുകയും അതുവഴി ഇസ്തംബൂൾ ബ്രിട്ടന്റെ അധീനതിയിലാവുകയും ചെയ്തപ്പോൾ അതുവരെ ഭരണം നടത്തിയിരുന്ന യുവതുർക്കികൾ രാജ്യം വിട്ടു. ഭരണത്തിനിടെ അവർ നടത്തിയ അർമേനിയൻ കൂട്ടാക്കൊലയടക്കം പല യുദ്ധക്കുറ്റങ്ങളിലും ബ്രിട്ടന്റെ വിചാരണ ഭയന്നാണ് അവർ നാടുവിട്ടത്. അതോടെ അന്നത്തെ സുൽത്താൻ (മെഹ്മെദ് വഹ്ദുദ്ദീൻ) ബ്രിട്ടന് പൂർണമായും വഴിപ്പെടേണ്ടി വന്നു. ഈ അവസരത്തിലാണ് മുസ്തഫാ കമാൽ സുൽത്താനെതിരെ രംഗത്തുവരുന്നത്.

കമാൽ ഒരു ദേശീയതവാദിയായിരുന്നു. തുർക്കികൾ തുർക്കികളുടെ കാര്യം മാത്രം പരിഗണിച്ചാൽ മതിയെന്നും ലോകത്തെ മുഴുവൻ മുസ്‌ലിംകളെയും ഏകോപിപ്പിക്കേണ്ട കാര്യമില്ലെന്നുമുള്ള ആശയത്തിലേക്കാണ് അദ്ദേഹം ചെന്നെത്തിയത്. തുർക്കിയെ നിലവിലുള്ള ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കണമെന്നും അദ്ദേഹം മനസ്സിലുറപ്പിച്ചു. അങ്കാറയിൽ കമാൽ Grand National Assembly എന്ന പേരിൽ ഒരു സമാന്തര ഭരണം സ്ഥാപിച്ചു. ബ്രിട്ടന്റെ സ്വാധീനത്തിലുള്ള സുൽത്താൻ അദ്ദേഹത്തെ തുരത്താനുള്ള പല മാർഗങ്ങളും ആവിഷ്കരിച്ചു. അതിന്റെ ഭാഗമായി മുസ്തഫാ കമാലും അനുയായികളും പ്രശ്നക്കാരാണെന്നും അവരെ വധിക്കൽ മുസ്‌ലിംകളുടെ ഉത്തരവാദിത്തമാണെന്നും പറയുന്ന ഫത്‍വകൾ വരെ സുൽത്താൻ പുറത്തിറക്കി.

Chandrika Weekly on Basheer

1920 ൽ സെവ്രെ ഉടമ്പടിയിൽ സുൽത്താൻ വഹദുദ്ദീൻ ഒപ്പുവെച്ചതോടെ മുസ്തഫാ കമാൽ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുവന്നു. ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധീനപ്രദേശങ്ങളെ ബ്രിട്ടന്റെ നേതൃത്വത്തിൽ സഖ്യകക്ഷികൾക്കായി വിഭജിച്ചുനൽകുന്നതായിരുന്നു ഉടമ്പടി. ഇതിൽ സുൽത്താൻ ഒപ്പുവെച്ചതിനെതിരെ ഇന്ത്യയിൽ നിന്നുപോലും വിമർശനങ്ങളുയർന്നിരുന്നു. അങ്കാറ അടിസ്ഥാനമാക്കിയുള്ള മുസ്തഫാ കമാലിന്റെ ഭരണകൂടം ഇതിനെതിരെ രംഗത്തുവന്നപ്പോൾ ബ്രിട്ടൻ പ്രശ്നപരിഹാരത്തിനായി ഇരു കൂട്ടരെയും (ഇസ്താൻബുളിലെ സുൽത്താന്റെ ഗവണ്മെന്റിനെയും അങ്കാറയിലെ കമാലിന്റെ ഭരണകൂടത്തെയും) സ്വിറ്റ്സ്വർലാൻഡിലെ ലൊസേനിലേക്ക് ക്ഷണിച്ചു. ഒരു രാജ്യത്ത് രണ്ടുഭരണകൂടങ്ങളുണ്ടായാലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 1922 നവംബറിൽ കമാൽ നേതൃത്വം നക്കുന്ന ഗ്രാന്റ് നാഷണൽ അസംബ്ലി ഖിലാഫത്തും സൽത്തനത്തും വർഗീകരിച്ചുകൊണ്ടുള്ള ഒരു നിയമം കൊണ്ടുവന്നു. ശേഷം വഹദുദ്ദീന്റെ സുൽത്താനേറ്റ് എടുത്തുകളയുകയും ഖലീഫ എന്ന സ്ഥാനം മാത്രം വകവെച്ചുനൽകുകയും ചെയ്തു. ഇതോടെ ഓട്ടോമൻ സുൽത്താനേറ്റ് അവസാനിച്ചെങ്കിലും ഖിലാഫത് 1924 വരെ തുടർന്നു. അധികാരം നഷ്ടപ്പെട്ട വഹ്ദുദ്ദീൻ ജീവൻ അപകടത്തിലാകുമെന്ന് ഭയന്ന് നവംബർ 17 ന് രാജ്യം വിട്ടു. അടുത്ത ദിവസം അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും അബ്ദുൽമജീദ് രണ്ടാമനെ ഖലീഫയായി അവരോധിക്കുകയും ചെയ്‌തു.


തുർക്കിയിൽ ഈ സംഭവ വികാസങ്ങൾ അരങ്ങേറുമ്പോൾ ലൊസേനിൽ 1922 നവംബർ 22 മുതൽ കോൺഫറൻസ് ആരംഭിച്ചു. തുർക്കിയെ പ്രതിനിധീകരിച്ച് ഇസ്മത് പാഷ പങ്കെടുത്തു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 1923 ജൂലൈ 24 ന് നിലവിലെ റിപ്പബ്ലിക് ഓഫ് തുർക്കിയുള്ള ഭൂപ്രദേശങ്ങളിൽ തുർക്കിക്ക് പരമാധികാരം നൽകിക്കൊണ്ട് ഉടമ്പടിയായി. അങ്ങനെ 1923 ഒക്ടോബർ 29 ന് മുസ്തഫാ കമാൽ ആദ്യ പ്രസിഡന്റും ഇസ്മത് ഇനോനു ആദ്യ പ്രധാനമന്ത്രിയുമായി തുർക്കിഷ് റിപ്പബ്ലിക്ക് രൂപീകൃതമായി.


ഖിലാഫത്തിനെ തകർത്ത ശേഷവും കമാലിന് ലോകമുസ്‌ലിംകളുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ ഇസ്‌ലാമിക മൂല്യങ്ങളെയും ചിഹ്നങ്ങളെയും പാടെ ഉന്മൂലനം ചെയ്തു തുടങ്ങിയതോടെ ആ പിന്തുണ കൈമോശം വന്നു. 1924 മാർച്ച് 3 ന് ഖിലാഫത്ത് അവസാനിപ്പിച്ച് അവസാന ഖലീഫ അബ്ദുൽമജീദിനെ നാടുകടത്തിയതുമുതൽ  1925 ൽ ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറിയതും 1926 ൽ തുർക്കിഷ് ഫെസ് നിരോധിച്ച് യൂറോപ്യൻ ഹാറ്റ് ജനകീയമാക്കിയായതും 1928 ൽ അറബ്-പേർഷ്യൻ ലിപിയിൽ നിന്ന് ലാറ്റിൻ അക്ഷരങ്ങളിലേക്ക് തുർക്കിഷ് ഭാഷ മാറ്റിയതും 1935 ൽ ഔദ്യോഗിക അവധി വെള്ളിയിൽ നിന്ന് ഞായറിലേക്ക് മാറ്റിയതുമെല്ലാം തുർക്കിയുടെ ഇസ്‌ലാമിക വേരുകളെ പാടെ പിഴുതെറിയുന്ന കാര്യങ്ങളായി ലോകം മനസ്സിലാക്കുകയും കമാലിന്റെ മുസ്‌ലിം വിമോചക പ്രതിച്ഛായക്ക് മങ്ങലേൽക്കുകയും ചെയ്തു.


ചുരുക്കത്തിൽ അബ്ദുൽഹമീദിനെക്കാൾ കമാൽ പാഷ നേരിട്ടത് ബ്രിട്ടീഷ് അനുകൂലിയായിമാറിക്കഴിഞ്ഞിരുന്ന സുൽത്താൻ മെഹ്മെദ് വഹദുദ്ദീനെയും അബ്ദുൽഹമീദിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം നേടിയെടുക്കുകയും ശേഷം മതിയായ രാഷ്ട്രീയ പക്വതയില്ലാത്ത തുർക്കിയെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയും പരാജയപ്പെട്ടപ്പോൾ എല്ലാം ഉപേക്ഷിച്ചു കടന്നുകളയുകയും ചെയ്ത യുവതുർക്കി നേതാക്കന്മാരെയുമാണ്. എന്നാൽ അബ്ദുൽഹമീദിന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കുകയും അദ്ദേഹത്തെക്കുറിച്ച് പഠിക്കാതെ വികലമായി ചിത്രീകരിക്കുകയുമാണ് ബഷീർ ചെയ്തത്.


സംഗ്രഹം

ബഷീർ എന്ന എഴുത്തുകാരന്റെ പ്രാരംഭ ഘട്ടങ്ങളിലാവാം ഒരുപക്ഷെ, ഈ രചന നിർവഹിക്കപ്പെട്ടത്. ഒരു ഫിക്ഷൻ എന്ന രീതിയിൽ എഴുതിത്തള്ളനാവുന്നതല്ല ഇതിന്റെ ഉള്ളടക്കം. ബഷീർ രേഖപ്പെടുത്തിയത് തുർക്കിയുടെ ചരിത്രമാണ്. വായനക്കാർക്ക് വികലമായ ചരിത്രങ്ങൾ സമർപ്പിക്കുന്നത് നീതികേടാണ്. ബഷീറിനെ ഒരു ഇസ്‌ലാമിക വിരുദ്ധനായി നമുക്ക് കാണാനാവില്ല. അവസാന കാലങ്ങളിലുള്ള അദ്ദേഹത്തിന്റെ രചനകൾ സൂഫിസത്തെയും ഇസ്‌ലാമിക മൂല്യങ്ങളുടെ മഹത്വത്തെയും ദ്യോതിപ്പിക്കുന്നവയാണ്. മുസ്‌ലിം കഥാപാത്രങ്ങൾ കള്ളന്മാരും മോശക്കാരുമായി ചിത്രീകരിക്കപ്പെടുന്ന നോവലുകൾക്ക് ബദൽ സൃഷ്ടിക്കാനാണ് താൻ സാഹിത്യകാരനായതെന്ന് പറഞ്ഞയാളാണ് ബഷീർ. കെട്ടുപിണഞ്ഞ സംസ്‌കൃതവാചകങ്ങൾ നിരത്തിയെഴുതി നൂറുപേജിൽ കുറയാത്ത നോവലുകളെഴുതിയിരുന്ന കാലത്ത് സ്വത സിദ്ധമായ 'പച്ചമലയാള'ത്തിൽ തീരെ കട്ടി കുറഞ്ഞ ചെറുകൃതികളാണ് ബഷീർ വായനക്കാർക്ക് സമ്മാനിച്ചത്. 'കമാലി'ലെ ശരികേടുകൾ ഒരു പക്ഷെ, ബഷീറിന് തന്നെ ബോധ്യമായതുകൊണ്ടാവാം തന്റെ രചനകളുടെ കൂട്ടത്തിൽ അദ്ദേഹം അതിനെ ഗണിക്കാതിരുന്നത്. അതുകൊണ്ടു തന്നെയാവാം രണ്ടാമതൊരിക്കൽ കമാൽ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാൻ ബഷീർ ആഗ്രഹിച്ചതും.

References:
M. Şükrü Hanioğlu, Atatürk: An Intellectual Biography 
Patrick Balfour, 3rd Baron Kinross, Atatürk, the rebirth of a nation
Muhsin Ramazan İşsever, Muhammad Iqbal And The Turks
https://www.humsub.com.pk/402668/adnan-khan-kakar-1317/
https://secularpakistan.wordpress.com/2010/05/03/allama-iqbal-in-favour-of-ataturks-secularism/
കോടമ്പിയേ റഹ്മാൻ, വിശ്വവിഖ്യാതനായ ബഷീർ 

Post a Comment

Previous Post Next Post