ഓട്ടോമൻ തലസ്ഥാന നഗരികൾ

ആറു നൂറ്റാണ്ടിലേറെ തുർക്കി ആസ്ഥാനമാക്കി ഭരണം നടത്തിയവരാണ് ഉസ്മാനികൾ. സെൽജൂഖികളുടെ പിൻഗാമികളായ അനറ്റോളിയയിൽ ഉയർന്ന് വന്ന ഇവർ ഭരണ കാര്യങ്ങളിൽ ഏറെ മികവ് പുലർത്തിയിരുന്നു. ഭരണസിരാകേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നതിലും ഇവർ ആ മികവ് പ്രകടിപ്പിച്ചു. ആറു നൂറ്റാണ്ടിനിടയിൽ അവർ തെരഞ്ഞെടുത്ത തലസ്ഥാന നാഗരികളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

സോഗുത്
ഓട്ടോമൻ സാമ്രാജ്യത്തിന്റെ പ്രാരംഭത്തെക്കുറിച്ച് നിരവധി അഭിപ്രായഭിന്നതകൾ ചരിത്രകാരന്മാർക്കിടയിലുണ്ടെങ്കിലും അധിക പേരും പറയുന്നത് പ്രകാരം ഉസ്മാൻ ഗാസിയുടെ പിതാവായ എർത്തുഗ്രുൽ ഗാസിക്ക് അന്നത്തെ സെൽജൂഖി സുൽത്താനായ അലാവുദ്ദീൻ കൈകൂബാദ് നൽകിയ ഭൂമിയാണ് സോഗുത്. ഉസ്മാൻ ഗാസി ദൗലത്തിനെ സ്ഥാപിച്ചതും ആ മണ്ണിൽ വെച്ചായിരുന്നു.

സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ സോഗുതിൽ ഓട്ടോമൻ പൂർവികരുടെ സ്മാരകങ്ങൾ പണി കഴിപ്പിച്ചിട്ടുണ്ട്. എർതുഗ്രുലിൻ്റെ ഭാര്യ, ഉസ്മാൻ ഗാസി, അദ്ദേഹത്തിൻ്റെ 25 പടയാളികൾ എന്നിവർക്കാണ് സുൽത്താൻ സ്മാരകങ്ങൾ പണിതത്. സോഗുത് ഇന്നും ഉസ്മാനികളുടെ പുണ്യ ദേശമായി കണക്കാക്കപ്പെടുകയും അവിടെ വ്യത്യസ്ത പരപാടികൾ സംഘടിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്.

bursa
ബുർസ (1335-1363)
പിതാവിന്റെ മരണ ശേഷം ഓർഹാൻ ഗാസിയാണ് ബുർസ കീഴടക്കുന്നതും നഗരത്തെ പുതിയ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതും. ബുർസയെ തെരഞ്ഞെടുക്കാൻ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. മർമറ നദിയോട് അടുത്ത് നിൽക്കുന്ന പ്രദേശമായതിനാലും ഇനി കീഴടക്കാൻ ഉദ്ദേശിക്കുന്ന നഗരങ്ങളിലേക്കുള്ള പ്രയാണങ്ങളെ എളുപ്പമാക്കുന്നതിനാലും ബുർസയുടെ പ്രാധാന്യം ഏറെയായിരുന്നു.

നഗരം കീഴടക്കിയ ശേഷം ഓർഹാൻ ഗാസി ഉസ്മാൻ ഗാസിയുടെ മൃതശരീരം സോഗുതിൽ നിന്ന് ബുർസയിലേക്ക് കൊണ്ട് വന്ന് അവിടെ ഖബറടക്കി. ശേഷം ഓർഹാൻ ഗാസിയുടേതടക്കം ഉസ്മാനി കുടുംബത്തിലെ പലരുടെയും അന്ത്യവിശ്രമസ്ഥലം ബുർസയായി മാറി.

നിരവധി മസ്ജിദുകളും പാഠശാലകളും മറ്റു നിർമിതികളും ഇന്നും ബുർസയിൽ തലയുയർത്തി നിൽക്കുന്നുണ്ട്.
edirne
എദിർനെ (1363-1453)
സുൽത്താൻ മുറാദ് ഒന്നാമന്റെ കാലത്താണ് (1361) എദിർനെ കീഴടക്കുന്നത്. ഉസ്മാനികൾ യൂറോപ്യൻ മേഖലകളിലേക്ക് കടന്നു തുടങ്ങിയ കാലമായിരുന്നു അത്. 'സെർപ്സിന്ദഗി' യുദ്ധത്തിന് ശേഷം എദിർനെയെ തലസ്ഥാനമാക്കാൻ സുൽത്താനും മന്ത്രിമാരും തീരുമാനിച്ചു.

ബായസീദ് ഒന്നാമന്റെ വിയോഗാനന്തരം അരങ്ങേറിയ ഓട്ടോമൻ ആഭ്യന്തര കലഹങ്ങളുടെ കാലത്ത് കിരീടാവകാശികൾ തമ്മിലുള്ള നിരവധി പോരാട്ടങ്ങൾക്ക് സാക്ഷിയായ മണ്ണ് കൂടിയാണ് എദിർനെയുടേത്.

istanbul
ഇസ്താംബൂൾ (1453-1924)
ലോക ചരിത്രത്തിൽ സവിശേഷമായ സ്ഥാനം നേടിയെടുത്ത നഗരമാണ് കോൺസ്റ്റാന്റിനോപ്പിൾ. നൂറ്റാണ്ടുകളോളം ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ ഉറച്ച കോട്ടയായിരുന്ന നഗരത്തെ 1453 സുൽത്താൻ മുഹമ്മദ് രണ്ടാമൻ കീഴടക്കുന്നതോടെയാണ് ഉസ്മാനികളുടെ തലസ്ഥാനമായി മാറുന്നത്. പിന്നീട് ദൗലത്തിന്റെ അവസാന ശ്വാസം വരെ ഇസ്താംബുൾ തന്നെയായിരുന്നു തലസ്ഥാനം.




Post a Comment

Previous Post Next Post