![]() |
Tipu Sultan |
ബ്രിട്ടീഷ് ഭരണത്തിനെതിരെ തെക്കേ ഇന്ത്യയിൽ ശക്തമായി നിലകൊണ്ടിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ. മൈസൂരിലെ വോഡയാർ രാജാക്കന്മാരുടെ സൈനികത്തലവനായി രാഷ്ട്രീയ ജീവിതം തുടങ്ങി പിൽക്കാലത്ത് സ്വന്തമായി അധികാരം സ്ഥാപിച്ച അദ്ദേഹം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു. തെക്കേ ഇന്ത്യയിലുള്ള ഭൂരിഭാഗം ഭരണകൂടങ്ങളും ബ്രിട്ടീഷുകാരോട് സഹകരിച്ചു പോകാൻ തീരുമാനിച്ചപ്പോഴും അവരുമായി ഒരുനിലക്കും സന്ധിയാകില്ല എന്ന നിലപാടാണ് ടിപ്പു സ്വീകരിച്ചത്.
ഹൈദരാബാദിലെ നിസാമുമാരും തൊട്ടടുത്തുള്ള ആർക്കോട്ടിലെ നവാബും ബ്രിട്ടീഷുകാർക്ക് പൂർണമായും വിധേയനായിരുന്നു. മുഗൾ രാജാവായിരുന്ന ശാഹ് ആലം മൂന്നാമന്റെ കീഴിലായിരുന്ന ഹൈദരാബാദിലെ നിസാമുമാരുടെ അധീനതിയിലാണ് യഥാർത്ഥത്തിൽ ടിപ്പുവിന്റെ അധികാരകേന്ദ്രമുണ്ടായിരുന്നത്. എന്നാൽ പൂർണമായും ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയ ഇവരുടെ കീഴിൽ ഭരണം നടത്താൻ അദ്ദേഹം തയ്യാറായില്ല. അതിനാൽ മുഗൾ സാമ്രാജ്യത്തെക്കാൾ അധികാരമുള്ള വിദേശശക്തികളോട് തന്റെ സാമ്രാജ്യത്തെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അഭ്യർത്ഥനകൾ നടത്താൻ അദ്ദേഹം തുനിഞ്ഞു. അതിന്റെ ഭാഗമായാണ് മുസ്‌ലിം ലോകത്തിന്റെ ഖിലാഫത്തായ ഓട്ടോമൻ സാമ്രാജ്യവുമായി ടിപ്പു ബന്ധപ്പെടുന്നത്.തുർക്കിയിലേക്ക് ടിപ്പുവിന്റെ പ്രതിനിധിസംഘം
തനിക്കെതിരെ നിരന്തരം പോരാട്ടത്തിനിറങ്ങുന്ന ബ്രിട്ടീഷുകാരോടും അവരോടൊപ്പം ചേർന്ന് തന്റെ അധികാരം ഇല്ലാതാക്കാൻ ശ്രമിക്കുന്ന നിസാമുമാരോടും ആർക്കോട്ടിലെ നവാബിനോടും ചെറുത്തു നില്ക്കാൻ ഒരു വിദേശശക്തിയുടെ പിന്തുണ ടിപ്പു സുൽത്താൻ അത്യാവശ്യമായി കണ്ടു. ഇതിന്റെ ഭാഗമായി ഫ്രാൻസിലേക്കും അഫ്ഗാനിസ്ഥാനിലേക്കും തുർക്കിയിലേക്കും പ്രധിനിധി സംഘങ്ങളെ അയക്കാൻ അദ്ദേഹം തീരുമാനിച്ചു.ഓട്ടോമൻ ഖലീഫ തന്നെ ഒരു സ്വതന്ത്ര ഭരണാധികാരിയായി അംഗീകരിച്ചാൽ തന്റെ പ്രതിയോഗികൾക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഏറെ ആഢംബരസഹിതം തുർക്കിയിലേക്ക് തന്റെ പ്രതിനിധി സംഘത്തെ അയക്കാൻ ഉദ്ദേശിച്ചു. ഖലീഫയുടെ പ്രതികരണമെന്തായിരിക്കുമെന്ന് മനസ്സിലാക്കാനായി ആദ്യമായി 1785 ൽ അദ്ദേഹം തന്റെ ദൂതനായ ഉസ്മാൻ ഖാനെ പറഞ്ഞയച്ചിരുന്നു. അദ്ദേഹത്തെ ഓട്ടോമൻ സാമ്രാജ്യം ഔദ്യോഗികമായിത്തന്നെ സ്വീകരിച്ചു.
പിന്നീട് 1786 ലാണ് 900/700 പ്രതിനിധികളടങ്ങുന്ന സംഘം ശ്രീരംഗപ്പട്ടണത്തു നിന്ന് തുർക്കിയിലേക്ക് പുറപ്പെടുന്നത്. ടിപ്പുവിന്റെ വിശ്വസ്തനായിരുന്ന ഗുലാം അലി ഖാൻ ആയിരുന്നു സംഘത്തിന്റെ തലവൻ. നൂറുല്ല ഖാൻ, ലുതുഫ് അലി ഖാൻ, സയ്യിദ് ജാഫർ, ജാഫർ ഖാൻ, ഖാജാ അബ്ദുൽ ഖാദിർ തുടങ്ങി പ്രഗൽഭരായ കൊട്ടാര വിചക്ഷണരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഒമാൻ തുറമുഖത്തും പേർഷ്യൻ ഗൾഫിലും യാത്രാമധ്യേ ഇറങ്ങി അവിടുത്തെ സുൽത്താന്മാരുമായി കച്ചവട കാര്യങ്ങൾ ചർച്ച ചെയ്യാനും ബന്ധം സുദൃഢമാക്കാനും ടിപ്പു ഈ സംഘത്തിന് നിർദേശം നൽകിയിരുന്നു. നാലു കപ്പലുകളിലായിരുന്നു യാത്ര. നാലു ആനകളും സ്വർണവും വെള്ളിയുമടങ്ങുന്ന മറ്റനേകം ആഡംബര വസ്തുക്കളും ഖലീഫക്ക് സമ്മാനമായി ടിപ്പു ഈ സംഘത്തോടൊപ്പം കരുതിയിരുന്നു. എന്നാൽ ദീർഘ കാലം കടൽ മാർഗമുള്ള യാത്രയിൽ ചില കപ്പലുകൾ തകരുകയും സംഘത്തിൽ നിന്ന് പലരും പകർച്ചവ്യാധികൾ വന്നു മരിക്കുകയും പല വസ്തുക്കളും നഷ്ടപ്പെടുകയും ചെയ്തു.
പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണ് തുർക്കിയിലേക്ക് ദൗത്യസംഘത്തെ അയക്കുന്നതിലൂടെ ടിപ്പുവിനുണ്ടായിരുന്നത്. ഒന്ന്, ഓട്ടോമൻ അധീന പ്രദേശങ്ങളിൽ ഫാക്ടറികൾ സ്ഥാപിക്കാൻ ടിപ്പുവിന് അധികാരം നൽകണം, തിരിച്ച് മംഗളൂർ തുറമുഖത്ത് ഉസ്മാനികൾക്കും കച്ചവടസൗകര്യങ്ങൾ ഏർപ്പെടുത്തും. രണ്ട്, തന്റെ ഭരണത്തെ സുൽത്താൻ ഒരു സ്വാതന്ത്ര്യ പരമാധികാര ഭരണമായി അംഗീകരിക്കണം. മൂന്ന്, ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ സൈനിക സഹായം നൽകണം. ഇതായിരുന്നു പ്രധാന ആവശ്യവും. സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ സൈന്യത്തെ നൽകി സഹായിക്കുകയാണെങ്കിൽ അവരെ കൊണ്ടുപോകാനുള്ള ചെലവും ആവശ്യപ്പെടുന്ന സമയത്ത് തിരിച്ചെത്തിക്കാനുള്ള ചെലവുമെല്ലാം ടിപ്പു തന്നെ വഹിക്കുമെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു.
യാത്രയിൽ പല പ്രയാസങ്ങളും നേരിട്ട ശേഷം 1787 ൽ നാനൂറോളം പ്രതിനിധികൾ മാത്രമാണ് ബസറയിൽ നിന്ന് ബാഗ്ദാദ് വഴി ഇസ്താംബൂളിലെത്തിയത്. കൂടെ കൊണ്ടുവന്നിരുന്ന മുഴുവൻ ആനകളും മറ്റനേകം ആഡംബര വസ്തുക്കളും നഷ്‌ടമായ ഇവർക്ക് പറയത്തക്ക പാരിതോഷികങ്ങളൊന്നും സമ്മാനിക്കാനായില്ല. ഇസ്താംബുളിലെത്തിയ സംഘത്തെ വലിയ ഔപചാരികതകളൊന്നുമില്ലാതെയാണ് ഖലീഫയുടെ പ്രധാനമന്ത്രി സ്വീകരിച്ചത്. ശേഷം സുൽത്താൻ അബ്ദുൽഹമീദ് ഒന്നാമനുമായി (1774-89) സംഘം കൂടിക്കാഴ്ച നടത്തി. സുൽത്താൻ അബ്ദുൽഹമീദ് ടിപ്പുവിന്റെ ഭരണം അംഗീകരിക്കുകയും നാണയമിറക്കാനും ഖുതുബയിൽ തന്റെ പേര് ചേർക്കാനുമുള്ള അധികാരം അദ്ദേഹത്തിന് നൽകുകയും ചെയ്തു.
![]() |
Abdulhamid I |
ടിപ്പുവിന്റെ പ്രതിനിധി സംഘം തുർക്കിയിലെത്തിയത് 1787 ലാണ്. ഇതേ സമയം റഷ്യയുമായി ഉസ്മാനികൾ ക്രിമിയയിൽ യുദ്ധത്തിലേർപ്പെട്ടിരുന്നത്തിനാലാണ് ടിപ്പുവിന്റെ പല ആവശ്യങ്ങളും വേണ്ടവിധം പരിഗണിക്കാതെ പോയത്. ഈ സമയത്ത് സൈന്യത്തെ നൽകി സഹായിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല, ബ്രിട്ടനുമായി ഉസ്മാനികൾ സൗഹൃദപരമായി വർത്തിച്ചുപോരുന്ന സമയമായിരുന്നു അത്. ബ്രിട്ടനെതിരെ സഹായം ചെയ്താൽ അവർ യുദ്ധത്തിൽ റഷ്യയെ പിന്തുണക്കുകയും അത് ഓട്ടോമൻ സാമ്രാജ്യത്തിന് കടുത്ത നഷ്ടങ്ങൾ സമ്മാനിക്കുകയും ചെയ്യും. അതിനാൽ തന്നെ ബ്രിട്ടനുമായി സൗഹൃദത്തിൽ മുന്നേറാനാണ് ടിപ്പുവിനോടും സുൽത്താൻ ആവശ്യപ്പെട്ടത്.!
ടിപ്പു സുൽത്താൻ ഖലീഫയുടെ നിർദേശങ്ങൾക്കെതിരെ
ബ്രിട്ടനുമായി ഒരു നിലക്കും വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല ടിപ്പു സുൽത്താൻ. പല യുദ്ധങ്ങളിലായി ടിപ്പുവിന്റെ ഒരുപാട് പ്രദേശങ്ങൾ ബ്രിട്ടൻ കീഴടക്കി. അത് തിരിച്ചുപിടിക്കാൻ ടിപ്പു കച്ചകെട്ടിയിറങ്ങി. ഓട്ടോമൻ ഖലീഫയിൽ നിന്ന് സഹായം ലഭിക്കില്ല എന്ന് മനസ്സിലായപ്പോൾ ടിപ്പു ഫ്രാൻസിനോട് സഹായം തേടി. 1798 ൽ നെപ്പോളിയന്റെ നേതൃത്വത്തിൽ ഫ്രാൻസ് ഓട്ടോമൻ അധീനതയിലുള്ള ഈജിപ്ത് കീഴടക്കിയിരുന്ന സമയമായിരുന്നു അത്.ടിപ്പു ഫ്രഞ്ച് സഹായം തേടിയെന്ന് മനസ്സിലാക്കിയ ബ്രിട്ടൻ അന്നത്തെ ഓട്ടോമൻ ഖലീഫയായിരുന്ന സലീം മൂന്നാമനുമായി (1789-1807) ബന്ധപ്പെട്ട് ആ നീക്കങ്ങൾ തടയാൻ മുന്നിട്ടിറങ്ങി. തന്റെ "ഖലീഫ" പദവി ഉപയോഗപ്പെടുത്തി ടിപ്പുവിനെ ഈ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് ബ്രിട്ടൻ സുൽത്താനോടാവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി സുൽത്താൻ സലീം ടിപ്പുവിന് കത്തെഴുതി. ബ്രിട്ടനുമായി സഹകരിച്ചു മുന്നേറണമെന്നും ഫ്രഞ്ചുകാർ ഇസ്ലാമിന്റെ ശത്രുക്കളാണെന്നും ഈജിപ്ത് കഴിഞ്ഞാൽ ഇന്ത്യ കീഴടക്കലാണ് അവരുടെ ലക്ഷ്യമെന്നും അതിനാൽ അവരെ വിശ്വസിക്കരുതെന്നുമെല്ലാമായിരുന്നു കത്തിന്റെ ഇതിവൃത്തം. ഗവർണർ ജനറൽ ലോർഡ് വെല്ലസ്ലി വഴിയാണ് ഈ കത്ത് ടിപ്പുവിന് എത്തുന്നത്.
![]() |
Selim III |
പിന്നീടും സുൽത്താൻ സലീമുമായി കത്തിടപാടുകൾ നടന്നു. ബ്രിട്ടനോട് സഹൃദത്തിൽ മുന്നേറാനാണ് സുൽത്താൻ സലീം പലപ്പോഴായി ആവശ്യപ്പെട്ടത്. അവസാനത്തെ മറുപടിക്കത്തിൽ ടിപ്പു തന്റെ നിലപാട് കടുപ്പിച്ചു പറഞ്ഞു. ബ്രിട്ടീഷുകാരാണ് തന്റെ രാജ്യത്തെ അധിനിവേശം ചെയ്തതെന്നും അതിനാൽ അവരോടുള്ള പെരുമാറ്റത്തിൽ തനിക്ക് മാറ്റം വരുത്താനാവില്ലെന്നും അവർ തനിക്കെതിരെ പടക്കോപ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അതിനാൽ ഞാൻ അവരോട് 'ജിഹാദ്' ചെയ്യാൻ നിർബന്ധിതനാണെന്നും ടിപ്പു പറഞ്ഞു.
ഈ കത്ത് ഇസ്താംബൂളിലെത്തുന്നതിന് മുമ്പ് ലോർഡ് വെല്ലസ്ലി ടിപ്പുവിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും 1799 ൽ ടിപ്പു സുൽത്താൻ യുദ്ധത്തിൽ പരാജിതനാവുകയും കൊല്ലപ്പെടുകയും ചെയ്തു.
References
- History of Tipu Sultan, Mohibbul Hasan
- Indian Muslims and the Ottoman Empire 1876 -1924, Shamshad Ali
- The Ottoman Empire and its heritage : politics, society and economy, Suraiya Faroqhi and Halil Inalcik
- https://www.brecorder.com/news/3390621
- Tipu and the Turks: An Islamicate Embassy in the Age of British Expansion
- Tipu Sultan's Delegation to Istanbul