ബാഫിയസ് യുദ്ധം; ഉസ്മാനികളുടെ വിജയത്തുടക്കം, ബൈസന്റൈൻ പരാജയത്തിന്റെയും

Battle of Bapheus

ബൈസാന്റെെൻ സാമ്രാജ്യത്തിനെതിരെയുള്ള ഉസ്മാനികളുടെ പ്രഥമ വിജയമാണ് ബാഫിയസ് യുദ്ധത്തിലേത്. ഉസ്മാൻ ഗാസിയുടെ നേതൃത്വത്തിൽ ഉയർന്നു വന്ന 'ഉസ്മാനി ബെയ്ലികി'ന് സർവാംഗീകാരം നേടിക്കൊടുത്ത യുദ്ധം കൂടിയാണിത്. 

1281 ൽ പിതാവ് എർതുഗ്രുൽ മരണപ്പെട്ടതോടെ അധികാരത്തിൽ വന്ന ഉസ്മാൻ ഗാസി പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിലായിരുന്നു. അനാറ്റോളിയയെ നിലവിൽ അധീനപ്പെടുത്തിയിരിക്കുന്ന ബൈസാന്റെെൻ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിപ്പിക്കലായിരുന്നു ഉസ്മാൻ ഗാസിയുടെ പ്രഥമ ലക്ഷ്യം. 

ഉസ്മാൻ ഗാസിയുടെ തുടർച്ചയായുള്ള ആക്രമണങ്ങൾ ബൈസന്റൈൻ സേനക്ക് വലിയ തലവേദന സൃഷ്ടിച്ചു. 1301 ൽ നികേയ (ഇസ്നിക്) യും മറ്റു പല ബൈസന്റെെൻ അധീശ മേഖലകളും ഉസ്മാൻ ഗാസി ഉപരോധിച്ചു തുടങ്ങി. ഇതിന് ഒരു അറുതി വരുത്താൻ ബൈസന്റെെൻ സഹചക്രവർത്തിയായിരുന്ന മിഖായേൽ IX ന്റെ കീഴിൽ ഒരു സൈന്യം ഉസ്മാൻ ഗാസിക്കെതിരെ പുറപ്പെട്ടു. പക്ഷെ, ആൾബലം കുറവായിരുന്ന ഉസ്മാനികൾ അവരോട് നേരിട്ട് യുദ്ധം ചെയ്യാതെ അവർക്ക് ചുറ്റും വളഞ്ഞ് അവരെ പിന്തിരിയാൻ നിർബന്ധിതരാക്കി. അങ്ങനെ മിഖായേലിന് കടൽമാർഗം രക്ഷപ്പെടേണ്ടി വന്നു. 

ശേഷം നികേയ നഗരത്തെ ഉസ്മാനി ഉപരോധത്തിൽ നിന്ന് രക്ഷപ്പെടുത്താനായി 1302 ൽ ചക്രവർത്തിയായിരുന്ന ആൻഡ്രോനികസ് രണ്ടാമൻ ഒരു സൈന്യത്തെ പറഞ്ഞയച്ചു. ജോർജ്‌ മൗസലാേൻ എന്ന കമാൻഡറുടെ കീഴിൽ 2000 സൈനികർ പുറപ്പെട്ടു. 1302 ജൂലൈ 27 ന് നികേയ (ഇസ്നിക്)ക്കും നിക്കോമീഡിയ (ഇസ്മിത്)ക്കും മധ്യെയുള്ള ബാഫിയസ് പീഢഭൂമിയിൽ വെച്ച് ഇരു സംഘവും ഏറ്റുമുട്ടി. 

ഉസ്മാൻ ഗാസിയുടെ കീഴിൽ അണിനിരന്ന ഉസ്മാനികളായിരുന്നു യുദ്ധ വിജയികൾ. യുദ്ധ വിജയത്തോടെ ബിത്ത്നിയ നഗരം ഉസ്മാനികൾ കീഴടക്കി. എങ്കിലും വർഷങ്ങൾക്ക് ശേഷമാണ് ഇസ്നിക്കും ഇസ്മിതും ഉസ്മാനികൾ അധീനപ്പെടുത്തുന്നത്. 

Also Read:  ഉസ്മാനി ദൗലത് സ്ഥാപിതമായ യഥാർഥ വർഷം?

Post a Comment

Previous Post Next Post