കോൺസ്റ്റാന്റിനോപ്പിളിനകത്ത് പ്രതിരോധം തീർത്ത ഓട്ടോമൻ ശഹ്സാദെ!

conquest of constantinople

കോൺസ്റ്റന്റിനോപ്പിൾ ഉപരോധം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഗ്രീക്കുകാർ മാത്രമായിരുന്നില്ല ആ കൂറ്റൻ മതിലുകൾക്ക് പിറകിൽ ചെറുത്തു നിൽക്കുന്നുണ്ടായിരുന്നത്. വാണിജ്യപരമായി ഏറെ പ്രാധാന്യമുണ്ടായിരുന്ന നഗരത്തെ സംരക്ഷിക്കാൻ കോൺസ്റ്റാന്റിനോപ്പിളിലും അതിന് തൊട്ടടുത്ത പ്രദേശങ്ങളിലുമായി നില കൊണ്ടിരുന്ന പല വിദേശികളും രംഗത്ത് വന്നു. ഇറ്റലി, വെനീസ്, അങ്കോണ, കാറ്റലോണിയ, ജനീവ തുടങ്ങി പല വിദേശ ശക്തികളും ബൈസന്റൈൻ സാമ്രാജ്യത്തിന്റെ സംരക്ഷണത്തിനായി നഗരത്തിലേക്ക് സഹായ സംഘങ്ങളെ അയച്ചിരുന്നു. 

കുരിശു യുദ്ധത്തിന്റെ പ്രതീതി സൃഷ്ടിച്ചെടുക്കാൻ സാധിച്ചതിനാൽ തന്നെ പല ഭാഗങ്ങളിൽ നിന്നുമായി യുദ്ധശേഷം ലഭിക്കുന്ന ലാഭങ്ങളിൽ മോഹിച്ച് കൂലിപ്പടയാളികൾ നഗരത്തിലെത്തിയിരുന്നു. ജെനോയിസ് പ്രഭുവും കൂലിപ്പടയാളിയുമായിരുന്ന ജിയോവാനി ജിയുസ്റ്റിനിയാനി ലോംഗോയായിരുന്നു അവരിൽ പ്രമുഖൻ. പ്രതിരോധത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും 700 സൈനികർക്ക് കമാൻഡ് ചെയ്യുകയും നഗരത്തെ സംരക്ഷിക്കുന്ന കരസേനയെ നയിക്കുകയും ചെയ്തു. 

ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായി ഒരു ഓട്ടോമൻ ശഹ്സാദെ(പ്രിൻസ്)യും നഗരത്തിന്റെ പ്രതിരോധത്തിൽ പങ്കെടുത്തിരുന്നു!.  ശഹ്സാദെ ഓർഹാൻ എന്നറിയപ്പെടുന്ന അദ്ദേഹം മുഹമ്മദുൽ ഫാതിഹിന്റെ കോൺസ്റ്റാന്റിനോപ്പിൾ ഉപരോധ ചരിത്രത്തിൽ പ്രധാന കഥാപാത്രമാണ്. അദ്ദേഹത്തിന്റെ പരമ്പരയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും സുൽത്താൻ മെഹ്മദ് ചേലേബിയുടെ (1413-21) സഹോദരനായിരുന്ന സുലൈമാൻ ചേലേബിയുടെ പൗത്രനാണ് എന്നാണ് പ്രബലാഭിപ്രായം. 

അമീർ തിമൂറുമായുള്ള 1402 ലെ അങ്കാറ യുദ്ധത്തിൽ ബായസീദ് ഒന്നാമൻ പരാജയപ്പെടുകയും ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പുത്രന്മാർക്കിടയിൽ അരങ്ങേറിയ അധികാരത്തിനായുള്ള ആഭ്യന്തര കലഹങ്ങൾ ഓട്ടോമൻ ചരിത്രത്തിലെ പ്രധാന ഭാഗമാണ്. 11 വർഷങ്ങളോളം പരസ്പരം പോരടിച്ച ശേഷമാണ് സുലൈമാൻ, മൂസ, ഈസ തുടങ്ങിയ സഹോദരന്മാരെ പരാജപ്പെടുത്തി മുഹമ്മദ് ചേലേബി ഏക സുൽത്താനായി മാറുന്നത്. 

സുലൈമാൻ ചേലേബി ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടതോടെ അദ്ദേഹത്തിന്റെ കുടുംബം മുഹമ്മദ് ചേലേബിയെ ഭയന്ന് ബൈസന്റൈൻ സാമ്രാജ്യത്തിൽ അഭയം തേടി. ബൈസന്റൈൻ ചക്രവർത്തിമാർ ഇവരെ ഓട്ടോമൻ സുൽത്താന്മാരെ ഭയപ്പെടുത്താനും നിലക്ക് നിർത്താനുമുള്ള ഒരു ആയുധമായി പ്രയോഗിച്ചു. തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഇവരെ തലസ്ഥാനത്തേക്ക് പറഞ്ഞയക്കുമെന്നും ആഭ്യന്തര കലാപം സൃഷ്ടിക്കുന്നമെന്നും അവർ ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ ബൈസന്റൈൻ കൊട്ടാരത്തിൽ ചെറുപ്പം മുതൽക്കേ വളർന്നയാളാണ് ഒർഹാൻ. 

മുഹമ്മദുൽ ഫാതിഹിന്റെ പിതാവായിരുന്നു സുൽത്താൻ മുറാദ് രണ്ടാമൻ ഒർഹാനെ പുറത്തു വിടാതിരിക്കാനായി 3000 അക്ചെ(തുർക്കി നാണയം) നല്കാമെന്നേറ്റിരുന്നു. അധികാരത്തിലേറിയ ഉടൻ മുഹമ്മദ് രണ്ടാമനും ഇത് തുടർന്നു. എന്നാൽ മുഹമ്മദ്‌ രണ്ടാമനെ വില കുറച്ചു കണ്ട ബൈസാന്റൈൻ ചക്രവർത്തി കോൺസ്റ്റന്റൈൻ പതിനൊന്നാമൻ ഒർഹാന് വേണ്ടി നൽകുന്ന തുക അധികരിപ്പിക്കണമെന്ന് പറഞ്ഞ് സുല്ത്താന് കത്തെഴുതി. കോൺസ്റ്റാന്റിനോപ്പിൾ ഉപരോധം തുടങ്ങാൻ ഒരു കാരണം അന്വേഷിക്കുകയായിരുന്ന മുഹമ്മദ് രണ്ടാമന് ഇത് ഒരു മുതൽക്കൂട്ടായി. അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചു. 

കോൺസ്റ്റാന്റിനോപ്പിൾ ഉപരോധ സമയത്ത് തന്റെ അനുയായികളുമായി ഒർഹാനും രംഗത്തിറങ്ങി. ഒടുവിൽ മുഹമ്മദുൽ ഫാതിഹ് നഗരം കീഴടക്കിയപ്പോൾ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. അദ്ദേഹം കോട്ടമതിലിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്നും, തുർക്കി സൈനികരുടെ വേഷമണിഞ്ഞ് രക്ഷപ്പെടുന്നതിനിടെ പിടിക്കപ്പെടുകയായിരുന്നെന്നും, ഒരു ക്രിസ്ത്യൻ പാതിരിയുടെ വേഷത്തിലാണ് പിടിക്കപ്പെട്ടതെന്നും തുടങ്ങി പല അഭിപ്രായ ഭിന്നതകൾ അദ്ദേഹത്തിന്റെ മരണത്തിലുണ്ടെങ്കിലും കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കപ്പെട്ട ദിവസം തന്നെ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു എന്നതിൽ എല്ലാവരും യോജിക്കുന്നുണ്ട്.  

courtesy: Nikos Nikoloudis, An Ottoman Volunteer Defends Besieged Constantinople (1453)

Post a Comment

Previous Post Next Post