വർഷം 1402, തിമൂറുമായുള്ള അങ്കാറ യുദ്ധത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങി സുൽത്താൻ ബായസീദ് തടവിൽ കഴിയുകയാണ്. ഉസ്മാനി ദൗലത്തിന്റെ അധിക ഭാഗങ്ങളും തിമൂർ പിടിച്ചെടുത്ത് പഴയ സ്വതന്ത്ര ഭരണകൂടങ്ങൾക്ക് നൽകി. സുൽത്താന്റെ അസാന്നിധ്യം മനസ്സിലാക്കിയ ബൈസന്റൈൻ സാമ്രാജ്യം ചില പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ തുടങ്ങി. ഉസ്മാനികൾ പാടെ നാമാവശേഷമാകുമെന്ന് പലരും വിധിയെഴുതി.
(അങ്കാറ യുദ്ധം: ഉസ്മാനികൾക്ക് കനത്ത തിരിച്ചടി)
ദൗലത് ഇത്തരം കനത്ത പ്രതിസന്ധി അനുഭവിക്കുമ്പോഴാണ്, 'സ്വതവേ ദുർബല പോരാത്തതിന് ഗർഭിണി' എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ബായസീദിന്റെ മക്കൾ അധികാരത്തിനു വേണ്ടിയുള്ള പോരാട്ടത്തിനറങ്ങുന്നത്. സുലൈമാൻ, മൂസ, ഈസ, മുഹമ്മദ് തുടങ്ങിയവർക്കിടയിൽ ആണ് 11 വർഷം നീണ്ടുനിന്ന ആഭ്യന്തര കലഹങ്ങൾ അരങ്ങേറിയത്. ചരിത്രകാരന്മാർ ഈ കാലഘട്ടത്തെ 'Ottoman Interregnum' എന്ന് വിളിക്കുന്നു.
അങ്കാറ യുദ്ധത്തിൽ ബായസീദ് ബന്ധിയാക്കപ്പെട്ടതിനു ശേഷം മകനായ സുലൈമാൻ ചെലേബി ദൗലത്തിന്റെ യൂറോപ്യൻ ഭാഗമായ എദിർനയിലേക്ക് ചെന്ന് അവിടെ തലസ്ഥാനമായി പ്രഖ്യാപിച്ച് ഭരണമാരംഭിച്ചു. ഈസാ ചെലേബി നേരെ ചെന്ന് ബുർസ കേന്ദ്രമാക്കി ഭരണം തുടങ്ങി. അതേസമയം ഏഷ്യൻ ഭാഗത്ത് ആമാസ്യ കേന്ദ്രീകൃതമാക്കി മുഹമ്മദ് ചെലേബിയും ഭരണം പ്രഖ്യാപിച്ചു.
ഏഷ്യയിൽ തനിക്കെതിരെ നിൽക്കുന്ന ഈസാ ചെലേബിയെ പരാജയപ്പെടുത്തലായിരുന്നു മുഹമ്മദിൻറെ ആദ്യ ലക്ഷ്യം. വൈകാതെ തന്നെ ഈസയെ പരാജയപ്പെടുത്താനും ബുർസ കീഴടക്കാനും മുഹമ്മദിനായി. മുഹമ്മദിനോട് പരാജയപ്പെട്ട ഈസ എദിർനയിൽ ചെന്ന് സുലൈമാനുമായി സഖ്യം ചേർന്നു. ശേഷം തൻറെ നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ വേണ്ടി സഹായിക്കണമെന്ന് സുലൈമാനോട് ആവശ്യപ്പെട്ടു. സുലൈമാൻ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ സഹായത്തോടെ അങ്കാറയും ബുർസയും ഇസ്മിറും കീഴടക്കി.
ബായസീദിന്റെ മറ്റൊരു മകനായിരുന്നു മൂസ ചെലേബി. അദ്ദേഹം ബായസീദിന്റെ കൂടെ തിമൂറിന്റെ ബന്ധത്തിലായിരുന്നുവെന്നും ബായസീദ് മരണപ്പെട്ടപ്പോഴാണ് ബന്ധനത്തിൽ നിന്നും മോചിതനായതെന്നും പറയപ്പെടുന്നു. മൂസ ആദ്യം മുഹമ്മദിന്റെ അനുകൂലിയായിരുന്നു. മുഹമ്മദ് ചെലേബിയോട് സമ്മതം വാങ്ങി അദ്ദേഹം സുലൈമാനെ കീഴ്പ്പെടുത്താൻ വേണ്ടി സൈന്യവുമായി എദിർനയിലേക്ക് പോയി. 1410ൽ നടന്ന ശക്തമായ യുദ്ധത്തിൽ സുലൈമാനെ പരാജയപ്പെടുത്തി. സുലൈമാനെ വധിച്ചു കളഞ്ഞതിന് ശേഷം അദ്ദേഹം എദിർനയിൽ സ്വതന്ത്ര ഭരണം പ്രഖ്യാപിച്ചു. ഇത് മുഹമ്മദിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. ശേഷം സുലൈമാനെ പരസ്യമായ സഹായിച്ചിരുന്ന സെർബിയൻ രാജാവിനെതിരെ തിരിയുകയും സെർബിയയിൽ അധിനിവേശം നടത്തുകയും ചെയ്തു. അതിനുശേഷം കോൻസ്റ്റാസ്റ്റാന്റിനോപ്പിൾ ഉപരോധിക്കുകയും ചെയ്തു.
ഉപരോധം കാരണം പൊറുതിമുട്ടിയ ബൈസന്റൈൻ ചക്രവർത്തി മുഹമ്മദിനെ മൂസക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചു. സ്വതന്ത്ര ഭരണം സ്ഥാപിച്ചതിന് മൂസയോട് പ്രതികാരം ചെയ്യാൻ അവസരം കാത്തിരിക്കുകയായിരുന്ന മുഹമ്മദ് സൈന്യവുമായി സഹോദരനെതിരെയുള്ള യുദ്ധത്തിനിറങ്ങി. മൂന്നുവർഷം എദിർന ഭരിച്ചതിനുശേഷം മുഹമ്മദുമായി നടന്ന യുദ്ധത്തിൽ മൂസ പരാജയപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തു.
ഇതോടെ മുഹമ്മദ് ചെലേബി ഓട്ടോമൻ ദൗലത്തിന്റെ ഏക സുൽത്താനായി മാറി. അങ്കാറ യുദ്ധത്തിന് ശേഷം ഏറെ ശോഷിച്ചു പോയിരുന്ന ഭരണകൂടത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ മുഹമ്മദ് ചെലേബിക്കായി. അതിനാൽ തന്നെ ഉസ്മാനി ദൗലത്തിന്റെ രണ്ടാം സ്ഥാപകനായാണ് അദ്ദേഹം അറിയപ്പെടുന്നത്.
References:
• Osmanlı History 1289-1922, by Mehmet Maksudoğlu
• Ottoman History: Misperceptions and Truths, by Ahmet Akgunduz and Said Öztürk