സുല്‍ത്താന്‍ മെഹ്‌മദ് ചെലേബിക്കു ശേഷം ഓട്ടോമന്‍ അധികാരം ഏറ്റെടുത്തത് മകന്‍ മുറാദ് രണ്ടാമനാണ്. പതിനേഴാമത്തെ വയസ്സില്‍ ഭരണാധികാരിയായ സുല്‍ത്താന്‍ മുറാദ് കുറഞ്ഞ കാലയളവില്‍ തന്നെ തനിക്കെതിരെ വന്ന കുടുംബത്തില്‍ നിന്നും രാഷ്ട്രീയ നേതാക്കന്മാരില്‍ നിന്നുമുള്ള എതിരാളികളെ പരാജയപ്പെടുത്തുകയും സുസ്ഥിരമായ ഒരു ഭരണം സ്ഥാപിച്ചെടുക്കുകയും ചെയ്തു. കുരിശു പടയാളികളെ നിരന്തരം പരാജയപ്പെടുത്തി രാജ്യാതിര്‍ത്തി വിശാലമാക്കിയ മുറാദിന്റെ രാഷ്ട്രീയ തീരുമാനങ്ങളും തന്ത്രങ്ങളുമാണ് പിന്നീട് കോൻസ്റ്റാന്റിനോപ്പിള്‍ കീഴടക്കാന്‍ സഹായകമായതെന്ന് ചരിത്രവായനകളില്‍ നിന്ന് ബോധ്യപ്പെടുന്നുണ്ട്. ഭരണം ആരംഭിച്ച 1421 മുതല്‍ 1444 വരെയും 1446 മുതല്‍ 1451 ല്‍ മരിക്കുന്നതു വരെയുമായി രണ്ടു തവണയാണ് സുല്‍ത്താന്‍ മുറാദ് ഭരണം നടത്തിയത്. 1444 ലെ വെര്‍ണ യുദ്ധത്തിലെ സമ്പൂര്‍ണ വിജയത്തിന് ശേഷം തന്റെ മകന് വേണ്ടി സുല്‍ത്താന്‍ സ്ഥാനമൊഴിയുകയും രണ്ടുവര്‍ഷ ശേഷം രാഷ്ട്രീയ കാരണങ്ങളാലും മറ്റും അധികാരത്തിലേക്ക് തിരിച്ചു വരികയും ചെയ്യുകയാണ് ഉണ്ടായത്.
1404 ല്‍ അമാസ്യയിലാണ് മെഹ്‌മദ് ചെലേബിയുടെയും എമീനെ ഹാതൂനിന്റെയും ആദ്യത്തെ മകനായി മുറാദ് ജനിക്കുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ സൈനിക പരിശീലനം നേടാനും അത് തെളിയിക്കാനും മുറാദിന് കഴിഞ്ഞിരുന്നു. അമാസ്യയിലായിരുന്നു മുറാദിന്റെ ചെറുപ്പ കാലം മുഴുവന്‍. അഞ്ചാമത്തെ സുല്‍ത്താനായി മെഹ്‌മദ് ബുര്‍സയിലേക്ക് മടങ്ങി വന്ന സമയത്ത് കൂടെ മുറാദുമുണ്ടായിരുന്നു. ഉടനെത്തന്നെ അമസ്യയുടെ ഗവര്‍ണറാ (സാന്‍ജാക് ബേയ്) യി മുറാദ് നിയമിക്കപ്പെടുകയും അവിടേക്ക് തിരിച്ചുപോവുകയും ചെയ്തു. അന്ന് പന്ത്രണ്ട് വയസ്സാണ് മുറാദിന്റെ പ്രായം. 1421 ല്‍ സുല്‍ത്താന്‍ മെഹ്‌മെദ് മരണപ്പെട്ടപ്പോള്‍ മുതിര്‍ന്ന മകനായ മുറാദ് അമാസ്യയില്‍ നിന്ന് ബുര്‍സയിലേക്ക് വരികയും സുല്‍ത്താനാവുകയും ചെയ്തു.
ആഭ്യന്തര യുദ്ധങ്ങൾ
അധികാരത്തിലേറിയ ഉടനെത്തന്നെ തനിക്കെതിരെ വന്ന അട്ടിമറി ശ്രമങ്ങളെ സുല്‍ത്താന്‍ മുറാദ് സൈനികമായി തന്നെ നേരിട്ടു. തന്റെ പിതാവിനെതിരെ യുദ്ധം ചെയ്ത പിതൃവ്യൻ മുസ്തഫാ ചെലേബിയാണ് മുറാദിന് നേരിടാനുണ്ടായിരുന്ന ആദ്യത്തെ വെല്ലുവിളികളില്‍ ഒന്ന്. 1421 ല്‍ മുറാദ് അധികാരത്തില്‍ വന്നയുടനെ തന്നെ മുസ്തഫ ചെലേബി ബൈസന്റൈന്‍ സഹായത്തോടെ ഗല്ലിപോലി കീഴടക്കി. ബുര്‍സയില്‍ വെച്ച് ഒരു സൈന്യത്തെ തയ്യാറാക്കുകയാണ് മുറാദ് ആദ്യമായി ഈ സമയത്ത് ചെയ്തത്. സ്വതന്ത്ര ഭരണകൂടമെന്ന ലക്ഷ്യത്തിനായി അന്ന് പോരാടിക്കൊണ്ടിരിക്കുകയായിരുന്ന അനറ്റോലിയന്‍ സ്റ്റേറ്റുകളെല്ലാം തന്നെ മുസ്തഫക്കു പിന്തുണ പ്രഖ്യാപിച്ചു. റൂമേലിയിലെ സൈനിക നേതാക്കളുടെ പിന്തുണയും മുസ്തഫക്കായിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ മുസ്തഫക്കാകുമെന്ന് മനസ്സിലാക്കിയ ബൈസന്റൈന്‍ ചക്രവര്‍ത്തി മുസ്തഫയെ തങ്ങളുടെ നിയന്ത്രണത്തോടെ കൃത്യമായി ഉപയോഗിച്ചു. മുറാദിന്റെ പ്രധാന മന്ത്രിയായിരുന്ന ബായെസീദ് പാഷക്കെതിരെയുണ്ടായിരുന്ന പലരുടെയും ശത്രുതയും മുസ്തഫക്കു വലിയ മുതല്‍കൂട്ടായി. യൂറോപ്പ്യന്‍ പ്രദേശങ്ങളടക്കം കീഴടക്കി സൈനിക മുറ്റേന്നം നടത്തിയ, മുസ്തഫക്കു കീഴില്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് ഭയന്ന സെര്‍ബിയ അടക്കമുള്ള ബാല്‍ക്കണ്‍ രാഷ്ട്രങ്ങള്‍ മുറാദിന് പിന്തുണ നല്‍കുകയും ബുര്‍സ ലക്ഷ്യമിട്ട് വന്ന മുസ്തഫയുടെ സൈന്യത്തിലെ നേതാക്കൾ കൂറുമാറുകയും ചെയ്തത് മുസ്തഫക്ക് തിരിച്ചടിയായി. ഉലുബാത്തില്‍ വെച്ച് നടന്ന യുദ്ധത്തില്‍ മുറാദിന്റെ സൈന്യം വിജയിക്കുകയും മുസ്തഫയെ പിടികൂടി 1422 ല്‍ തൂക്കിലേറ്റി വധിക്കുകയും ചെയ്തു. സാധാരണ രാജകുടുംബാംഗങ്ങളെ ഇത്തരം രീതികളിലൂടെ വധിക്കാറില്ലെങ്കിലും മുസ്തഫയെ താന്‍ ബന്ധുവായി അംഗീകരിച്ചിട്ടില്ല എന്ന് അറിയിക്കാന്‍ കൂടിയാണ് പിതൃസഹോദരനായിട്ടും മുസ്തഫയെ മുറാദ് തൂക്കിലേറ്റിയതെന്ന് കാണാന്‍ കഴിയും.
മെഹ്‌മദിന്റെ രണ്ടാമത്തെ മകനായ മുസ്തഫയെന്ന സ്വന്തം സഹോദരനാണ് മുറാദിന് മറ്റൊരു വെല്ലുവിളിയായി വന്നത്. മുസ്തഫ ചെലേബിയായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ കുചുക് മുസ്തഫയന്നാണ് ചരിത്രകാരന്മാര്‍ അദ്ധേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. 1408 ലായിരുന്നു മുസ്തഫയുടെ ജനനം. ഹമിദെലിയിലെ ഗവര്‍ണറായിട്ടാണ് മുസ്തഫ വളര്‍ന്നത്. സുല്‍ത്താന്‍ മെഹ്‌മദിന്റെ മരണ ശേഷം മുറാദിനെ ഭയന്ന് കാറാമാനിദില്‍ അഭയം പ്രാപിച്ച മുസതഫ ബൈസെന്റൈന്‍ പിന്തുണ ലഭിച്ചതോടെ സുല്‍ത്താന്‍ മുറാദിനോട് യുദ്ധം ചെയ്യാനായി പുറപ്പെട്ടു. ബൈസന്റൈന്‍ ബന്ധം ശക്തിപ്പെടുത്താന്‍ 1341 മുതല്‍ 1391 വരെ ഭരിച്ച ജോണ്‍ പാലിയോലോഗ് അഞ്ചാമന്റെ പൗത്രിയായ സാംപിയ പാലിയോലോഗിന ദോറിയയെ മുസ്തഫ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
മുസ്തഫ ചെലേബിക്കു ബൈസന്റൈന്‍ ഭരണകൂടം നല്‍കിയ പിന്തുണക്ക് പകരം ചോദിക്കാനെന്നോണം മുറാദ് കോൻസ്റ്റാന്റിനോപ്പിള്‍ ഉപരോധിച്ച സമയത്താണ് കാറാമാനിദ് സഹായത്തോടെ കുചുക് മുസ്തഫ അനറ്റോളിയന്‍ പ്രദേശങ്ങള്‍ കീഴടക്കി സൈനിക മുറ്റേത്തിന് തുടക്കം കുറിച്ചത്. സുല്‍ത്താന്‍ മുറാദില്‍ നിന്ന് രക്ഷപ്പെടാനും തങ്ങളുടെ നിലനില്‍പ്പിനും മുസ്തഫയുടെ സൈനിക നീക്കം അനിവാര്യമാണെന്ന് മനസ്സിലാക്കിയ ബൈസന്റൈന്‍ ചക്രവര്‍ത്തി മുസ്തഫയെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്തു. ഈ പദ്ധതിയില്‍ ബൈസന്റൈന്‍സ് വിജയിച്ചു. മുസ്തഫയുടെ നീക്കങ്ങളെക്കുറിച്ചറിഞ്ഞ സുല്‍ത്താന്‍ മുറാദ് ഉപരോധം നീക്കം ചെയ്ത് തിരിച്ചു പോന്നു. ഈ സമയമായപ്പോഴേക്കും മുസ്തഫ ഇസ്‌നിക്കും കീഴടക്കിയിട്ടുണ്ടായിരുന്നു. ഇതോടെ സുല്‍ത്താന്‍ മുറാദ് ഇസ്‌നിക്ക് തിരിച്ചു പിടിക്കുകയും മുസ്തഫയെ പിടികൂടി വധിക്കുകയും ചെയ്തു. മുസ്തഫയെ പിന്തുണച്ചിരുന്ന മറ്റൊരു സഹോദരന്‍ യഅ്ഖൂബ് ഇതോടെ തന്റെ പിന്തുണ മുറാദിന് നല്‍കി.
രാഷ്ട്രീയ ഇടപെടലിലൂടെ മുറാദിന് കാറാമാനിദുകളെ തന്റെ വരുതിയിലാക്കാന്‍ സാധിച്ചു. ഇക്കാലത്ത് തന്നെ അവര്‍ക്കിടയില്‍ വിവാഹങ്ങളും നടന്നിരുന്നു. അയിദിന്‍ ഭരിച്ചിരുന്ന ജുനൈദ് ബേയിയെ വധിച്ചതോടെ 1428 ല്‍ മെന്‍ദെശെ, തെകെ തുടങ്ങിയ തുര്‍ക്ക്മെന്‍ ഭരണപ്രദേശങ്ങളും അദ്ദേഹം കീഴടക്കി. തിമൂറിന്റെ മകന്‍ ഷാറൂഖിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കാനാണ് ചാന്‍ദാര്‍ അടക്കമുള്ള പ്രദേശം അന്ന് മുറാദ് കീഴടക്കാതിരുന്നതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
(തുടരും)
References
1) History of Ottoman empire and modern Turkey volume 1 - Stanford Shaw
2) A history of ottoman empire - Douglas A Howard.
3) The rise of ottoman empire -Leyla Seyidova
4) Encyclopedia of the ottoman empire - Gabor Agoston and Bruce Masters
5) Osman's Dream - Carolina Finkel
6) The ottomans: it's prominent figures and institutions - Usman Nouri Topbas