സുല്‍ത്താന്‍ മുറാദ് രണ്ടാമന്‍: കുരിശുപോരാളികളെ വിറപ്പിച്ച സൂഫിവര്യൻ (ഭാഗം 2)

Sultan Murad II

പടയോട്ടങ്ങൾ

ആഭ്യന്തര യുദ്ധങ്ങള്‍ അവസാനിപ്പിച്ച മുറാദ്, ഭരണം പൂര്‍ണമായും തന്റെ കൈകളിലാക്കി. ചാന്‍ദാര്‍ലി മന്ത്രിമാരാണ് അദ്ദേഹത്തിന് കൂടുതല്‍ പിന്തുണ നല്‍കിയതെന്നതിനാല്‍ തന്നെ അവര്‍ക്ക് ഭരണത്തില്‍ വലിയ സ്ഥാനവും മുറാദ് നല്‍കി. തനിക്കെതിരെ ഇനിയും ആഭ്യന്തര യുദ്ധങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുല്‍ത്താന്‍ മുറാദ് ബാല്‍ക്കണ്‍ പ്രവിശ്യയില്‍ നിന്നും അല്ലാതെയും നിരവധി അടിമകളെ കൊണ്ടുവരികയും ദെവ്ശിര്‍മെ സംവിധാനത്തിലാക്കുകയും ചെയ്തു. ജനിസ്സറിസിയെ ശക്തിപ്പെടുത്തി തന്റെ സൈനിക ശേഷി ഇത്തരത്തില്‍ മുറാദ് വര്‍ധിപ്പിച്ചു.  

തന്റെ ഗവര്‍ണര്‍മാരില്‍ നിന്നും മറ്റു ചിലയിടങ്ങളില്‍ നിന്നുമായി തുടക്കകാലത്ത് മുറാദിന് പല വെല്ലുവിളികളുമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയമായും നയതന്ത്രപരമായും അവയെ നിയന്ത്രിക്കാന്‍ മുറാദിന് കഴിഞ്ഞു. ആഭ്യന്തര തര്‍ക്കങ്ങളെ വളരെ വേഗം നിയന്ത്രണ വിധേയമാക്കിയ മുറാദ് ശേഷം തൻ്റെ ശത്രുക്കളെ നേരിടാന്‍ തയ്യാറായി. തനിക്കെതിരെയുള്ള ആഭ്യന്തര യുദ്ധങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ ബൈസന്റൈന്‍ ഭരണാധികാരിയോട് മുറാദിന് പ്രതികാരം ചെയ്യാനുണ്ടായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ നടന്ന യുദ്ധങ്ങളില്‍ കൃസ്ത്യന്‍ ശക്തികളെ ദയനീയമായി പരാജയപ്പെടുത്തിക്കൊണ്ട് സുല്‍ത്താന്‍ മുറാദ് ആ പക തീര്‍ക്കുകയും ചെയ്തു.

സലോനിക്ക കീഴടക്കിയതാണ് അതിലൊന്ന്. അഞ്ച് വര്‍ഷം നീണ്ടുനിന്ന ഉപരോധത്തിനൊടുവില്‍ 1430 ലാണ് ഓട്ടോമന്‍ സൈന്യം സലോനിക്ക കീഴടക്കിയത്. ബൈസന്റൈന്‍ പ്രദേശമായിരുന്ന സലോനിക്ക 1387 ല്‍ മുറാദ് ഒന്നാമന്‍ കീഴടക്കിയതു മുതല്‍ 1403 വരെ  ഓട്ടോമന്‍ പ്രദേശമായിരുന്നു. പിന്നീട് ബൈസന്റൈന്‍സ് തിരിച്ചു പിടിക്കുകയും 1422 ലെ കോൻസ്റ്റന്റിനോപ്പിള്‍ ഉപരോധത്തിനു ശേഷം പ്രദേശത്തെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി അന്നത്തെ ഭരണാധികാരി ആന്ത്രോനിക്കോസ് പാലിയോലോഗ് 1423 ല്‍ ഈ പ്രദേശം വെനീസിന് കൈമാറുകയും ചെയ്തു. 1424 ല്‍ തന്നെ ഓട്ടോമന്‍ സൈന്യം സലോനിക്ക ഉപരോധിച്ചിരുന്നു.  വെനീസിന്റെ കൈയ്യില്‍ നിന്നാണ് സുല്‍ത്താന്‍ മുറാദ് സലോനിക്ക കീഴടക്കിയത്. 1430 ല്‍ കീഴടക്കിയതു മുതല്‍ 1912 ലെ ഒന്നാം ബാല്‍ക്കണ്‍ യുദ്ധത്തില്‍ പ്രദേശം ഗ്രീക്ക് സൈന്യം കീഴടക്കി 1913 ല്‍ ബുകറെസ്റ്റ് കരാറിലൂടെ ഗ്രീസിന് കൈമാറുന്നതു വരെ സലോനിക്ക ഓട്ടോമന്‍ അധീനതയില്‍ തന്നെയായിരുന്നു.

കാറാമാനിദുകളെ ഉപയോഗപ്പെടുത്തി തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാന്‍ ശ്രമിച്ച മംലൂക്കുകളെ കാറാമാനിദുകള്‍ക്കിടയില്‍ അധികാരത്തര്‍ക്കമുണ്ടാക്കാന്‍ സാഹചര്യമൊരുക്കി ഇബ്റാഹിം ബേയിയെ ഭരണാധികാരിയാക്കിക്കൊണ്ടാണ് മുറാദ് നേരിട്ടത്. തകര്‍ന്നുക്കൊണ്ടിരിക്കുകയായിരുന്ന ഗെര്‍മിയാനെയും മുറാദ് ഇത്തരത്തില്‍ ഉപയോഗപ്പെടുത്തി.  1428 ല്‍ സുല്‍ത്താന്‍ മുറാദ് കാറാമാനിദിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും വെനീസ്, സെര്‍ബിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ യുദ്ധത്തിനിറങ്ങിയ അവരെ പരാജയപ്പെടുത്തുകയും ചെയ്തു. 1430 കളില്‍ ബാല്‍ക്കണ്‍ പ്രവിശ്യയിലെ നിരവധി പ്രദേശങ്ങള്‍ കീഴടക്കാനും ക്രമേണ 1439 ല്‍ സെര്‍ബിയയെ അധീനപ്പെടുത്താനും ഈ വിജയം സുല്‍ത്താന്‍ മുറാദിനെ വളരെയധികം സഹായിച്ചിട്ടുണ്ട്.

വെനീസുമായിട്ടുള്ള യുദ്ധവും ഇത്തരത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ബായെസിദീന്റെ തുടക്കകാലത്ത് തന്നെ വെനീസ് ഓട്ടോമന്‍സുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുകയും അതുവഴി തങ്ങളുടെ കച്ചവട നേട്ടങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മുറാദിന്റെ പോരാട്ടങ്ങളില്‍ ഭയന്ന വെനീഷ്യൻ ഭരണകൂടം തങ്ങള്‍ക്ക് കരസേനാ ശക്തി ഇല്ലാത്തതിനാല്‍ തന്നെ ഹംഗറി, സെര്‍ബിയ, വലേഷ്യ എന്നീ രാജ്യങ്ങളെ കൂട്ടുപിടിച്ചു യുദ്ധത്തിന് സജ്ജരായി. മിര്‍ശിയ ദി ഗ്രേറ്റിന്റെ കീഴില്‍ ശക്തരായി മാറിയിരുന്ന വലേഷ്യ അദ്ദേഹത്തിന്റെ മരണ ശേഷം ആഭ്യന്തര യുദ്ധങ്ങളിലേക്കു നീങ്ങിയതോടെ അവര്‍ക്കു യുദ്ധം അസഹ്യമായി. ഭരണാധികാരിയായിരുന്ന സ്റ്റീഫന്‍ 1427 ല്‍ മരണപ്പെട്ടതോടെ സെര്‍ബിയയും ആഭ്യന്തര യുദ്ധത്തിലായി. ജോര്‍ജ് ബ്രാന്‍ഗോവിച്ചിനെയായിരുന്നു സ്റ്റീഫന്‍ ഭരണാധികാരിയായി നിശ്ചയിച്ചിരുന്നത്. അക്കാലത്ത് ഹംഗറിയുമായി ബ്രാന്‍കോവിച്ചിന് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു. 1428 ല്‍ സുല്‍ത്താന്‍ മുറാദ് സെര്‍ബിയയില്‍ പ്രവേശിക്കുകയും തലസ്ഥാനമായ ക്രൂസെവാച് (അലചെഹിസാര്‍) കീഴടക്കുകയും ചെയ്തു. ഇങ്ങനെയാണ് സെര്‍ബിയ മുമ്പുണ്ടായിരുന്നതു പോലെ ഓട്ടോമന്‍ സാമന്ത രാജ്യമായി മാറിയതും മാറാ ബ്രാന്‍കോവിച്ചിനെ സുല്‍ത്താന്‍ മുറാദ് 1435 ല്‍ വിവാഹം കഴിച്ചതും.

പിന്നെയും പല തവണ ഹംഗറിയെ കൂട്ടുപിടിച്ച് അക്രമണം നടത്തിയ സാഹചര്യത്തില്‍ സുല്‍ത്താന്‍ മുറാദ് സെര്‍ബിയയുമായി യുദ്ധം ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ പരാജയപ്പെട്ട ബ്രാന്‍കോവിച്ചിനെ സുല്‍ത്താന്‍ മുറാദ് വധിക്കുകയോ നാടുകടത്തുകയോ ചെയ്തില്ല. അത് മുറാദിന്റെ നയതന്ത്രപരമായ നീക്കമായിരുന്നു. കാരണം സെര്‍ബിയന്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ബ്രാന്‍കോവിച്ചിനെ വധിച്ചാല്‍ വലിയ തരത്തിലുള്ള ജനവിരുദ്ധ വികാരമുണ്ടാകുമെന്നും അത് തന്റെ മറ്റു വിജയങ്ങള്‍ക്ക് തടസ്സമാകുമെന്നും മുറാദ് മനസ്സിലാക്കിയിരുന്നു. അതിനാല്‍ തന്നെ ബ്രാന്‍കോവിച്ചിനെ സെര്‍ബിയന്‍ ഭരണാധികാരിയാക്കി സുല്‍ത്താന്‍ മുറാദ് നിലനിര്‍ത്തി. കൂടാതെ തന്റെ ഭാര്യ പിതാവെന്ന പരിഗണനയും ഇവിടെ മുറാദ് നല്‍കിയിരുന്നു. മാത്രമല്ല, ബാല്‍ക്കണ്‍ പ്രദേശത്തെ മറ്റു രാഷ്ട്രീയ നേതാക്കന്മാരുടെയും ഓട്ടോമന്‍ സാമ്രാജ്യത്തിന്റെയും ഇടയിലെ മദ്ധ്യവര്‍ത്തിയായി ഉണ്ടായിരുന്നതും ബ്രാന്‍കോവിച്ചായിരുന്നു. ഈ പരാജയത്തോടെ ഇടക്കിടെ ഓട്ടോമന്‍ സാമ്രാജ്യത്തിനെതിരെ തിരിഞ്ഞിരുന്ന സെര്‍ബിയ പൂര്‍ണമായും അവര്‍ക്ക് കീഴ്‌പ്പെട്ടു. 1456 ല്‍ മരിക്കുന്നതു വരെ ബ്രാന്‍കോവിച്ച് തയൊയിരുന്നു സെര്‍ബിയ ഭരിച്ചത്.

1431 ല്‍ ജനീവയും 1433 ല്‍ സെരസും കീഴടക്കാന്‍ മുറാദിന് സാധിച്ചിരുന്നു. 1430 കളുടെ ആരംഭത്തില്‍ ഓട്ടോമന്‍സിന്റെ സാമന്ത രാജ്യമായി വലേഷ്യ മാറിയിരുന്നെങ്കിലും 1434 ല്‍ വ്ലാഡ് ഡ്രാക്കുള്‍ ഒന്നാമന്‍ അധികാരത്തില്‍ വന്നതോടു കൂടി അവര്‍ ഉസ്മാനികളെ എതിര്‍ക്കുകയും യുദ്ധം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു.  1435 ല്‍ ഷാറൂഖ് അനാതോളിയയിലേക്ക് പ്രവേശിച്ചതിനാല്‍ ഇതിന് മറുപടി നല്‍കാന്‍ മുറാദിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് മുറാദ് ചില ചെറുഭരണകൂടങ്ങളുമായി സംഖ്യമുണ്ടാക്കുകയും മംലൂക്കികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച കാറമാനിദുകളെ അക്രമിക്കുകയു ചെയ്തു. പക്ഷെ ഷാറൂഖിന്റെ ശ്രദ്ധ പിടിച്ചു പറ്റാതിരിക്കാന്‍ കാറാമാനിദന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് അന്ന് മുറാദ് കീഴടക്കിയത്.

ഇക്കാലത്ത് തന്നെ അതിര്‍ത്തി പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ അകിന്‍ജി എന്ന സൈനിക വിഭാഗം സജീവമായി  പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് വന്ന സുല്‍ത്താന്‍ മെഹ്‌മെദ് ഫാതിഹിന്റെ നിരവധി സൈനിക വിജയങ്ങളിലും ഇവര്‍ക്കു പങ്കുണ്ട്. വ്യത്യസ്ത തരം സൈന്യങ്ങളെ സുല്‍ത്താന്‍ മുറാദ് പരിപോഷിപ്പിച്ചിരുന്നു. ഇതേ സമയം ഇവര്‍ക്ക് പരിശീലനം നല്‍കാനും ആയുധങ്ങള്‍ നല്‍കാനും ചാന്‍ദാര്‍ലി മന്ത്രിമാരായിരുന്നു ശ്രദ്ധിച്ചിരുന്നത്. പരിപൂര്‍ണ സമാധാന കരാര്‍ നിലനിന്നിരുന്ന കാലത്ത് പോലും ഇത്തരം സൈനിക സംഘങ്ങൾ ഇടക്കിടെ മറ്റു രാജ്യങ്ങളിലെ പ്രദേശങ്ങളില്‍ അക്രമണം നടത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷങ്ങളിലായി തന്നെ സുല്‍ത്താന്‍ മുറാദിന് മറ്റു പ്രാദേശിക നേതാക്കളുടെ പിന്തുണ ലഭിക്കുകയും ചെയ്തു.

ഭാവി സുല്‍ത്താനുള്ള കൃത്യമായ പരിശീലനവും ഇക്കാലത്ത് ഉസ്മാനികൾക്കിടയില്‍ അന്ന് നിലനിന്നിരുന്നു. സുല്‍ത്താന്റെ മക്കള്‍ക്ക് സൈനിക പരിശീലനും രാഷ്ട്രീയ  പരിചയും നേടിയെടുക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നു.  ചാന്‍ദാര്‍ലി മന്ത്രിമാരായിരുന്നു ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. പരിചയ സമ്പത്തുള്ള മന്ത്രിമാരെ ഷെഹ്സാദെമാര്‍ക്ക് പ്രത്യേക മെന്റര്‍മാരായി നിയമിക്കുകയും ചെയ്തിരുന്നു. ലാല എന്നായിരുന്നു ഇവര്‍ വിളിക്കപ്പെട്ടത്. സെല്‍ജൂക്ക് കാലത്ത് അതാബെയ് എന്നായിരുന്നു ആ സ്ഥാനപ്പേര്.

നടക്കാന്‍ സാധ്യതയുണ്ടായിരുന്ന അടുത്ത കുരിശ് യുദ്ധത്തെക്കുറിച്ച് മുറാദ് ബോധവാനായിരുന്നു. അന്ന് ബൈസന്റൈന്‍ രാജാവായിരുന്ന ജോണ്‍ എട്ടാമന്‍ റോമിലേക്ക് ചെന്ന് സഹായം ഉറപ്പു വരുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ടും അതൊന്നും പരിപൂര്‍ണ വിജയത്തിലെത്തിയിരുന്നില്ല. അതേ സമയം, തന്റെ കൂടെയുള്ള നേതാക്കന്മാരെ തൃപ്തരാക്കാനും ശക്തിപ്പെടുത്താനും മുറാദ് നിരന്തരമായി പോരാട്ടങ്ങള്‍ നടത്തുകയായിരുന്നു. 1437 ല്‍ സിഗിസ്മണ്ട് മരണപ്പെട്ടതോടെ ഹംഗറിയുടെ പല പ്രദേശങ്ങളും സുല്‍ത്താന്‍ കീഴടക്കുകയും ചില പ്രദേശങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഹംഗറിയെ അവലംബിച്ചു കഴിഞ്ഞിരുന്ന സെര്‍ബിയയുടെ കോട്ടയും ഈ സമയത്ത് സുല്‍ത്താന്‍ കീഴടക്കി. ബോസ്‌നിയയിലും സുല്‍ത്താന്‍ മുറാദ് ഇത്തരം ഒരു സാഹചര്യത്തില്‍ ഇടപെട്ടിരുന്നു. ഇത്തരത്തില്‍ പല രാജ്യങ്ങളിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളെ സുല്‍ത്താന്‍ മുറാദ് പലപ്പോഴും വിനിയോഗിച്ചിരുന്നതായി 'History of ottoman empire and modern turkey' എന്ന തന്റെ പുസ്തകത്തില്‍ സ്റ്റാന്‍ഫാര്‍ഡ് ഷോ രേഖപ്പെടുത്തിയിട്ടുണ്ട്. ബാല്‍ക്കണ്‍ പ്രവിശ്യയിലെ ഫ്യൂഡല്‍ ചൂഷണങ്ങള്‍ക്കിരയായ കര്‍ഷകരെ തന്റെ സൈനിക മുറ്റേത്തോടെ സംരക്ഷിക്കുകയും ചൂഷകരെ ശിക്ഷിക്കുകയും ചെയ്തത് ഉസ്മാനികൾക്ക് വലിയ മുതല്‍ കൂട്ടായിരുന്നു. ഇതോടെ നിര്‍ബന്ധിത തൊഴില്‍ എന്ന ചൂഷണത്തെ നിര്‍ത്തലാക്കി ചിഫ്ത് റെസ്മി എന്ന പുതിയൊരു നികുതി സമ്പ്രദായം മുറാദ് തുടങ്ങുകയും ചെയ്തു. ഇത്തരത്തിൽ പല രീതികളിലായി മുറാദ് തൻ്റെ സാമ്രാജ്യം വികസിപ്പിക്കുന്നതിനിടയിലാണ് ഓട്ടോമൻ ചരിത്രത്തിലെ തന്നെ വഴിത്തിരിവായി മാറിയ ബാറ്റിൽ ഓഫ് വർണ നടന്നത്. 

Read Part 3: ബാറ്റില്‍ ഓഫ് വര്‍ണ

References 
1) History of Ottoman empire and modern Turkey volume 1 - Stanford Shaw 
2) A history of ottoman empire - Douglas A Howard. 
3)  The rise of ottoman empire -Leyla Seyidova 
4)  Encyclopedia of the ottoman empire - Gabor Agoston and Bruce Masters 
5) Osman's Dream - Carolina Finkel 
6) The ottomans: it's prominent figures and institutions - Usman Nouri Topbas

Post a Comment

Previous Post Next Post