സുല്‍ത്താന്‍ മുറാദ് രണ്ടാമന്‍: കുരിശുപോരാളികളെ വിറപ്പിച്ച സൂഫിവര്യൻ (ഭാഗം 3)
ബാറ്റില്‍ ഓഫ് വര്‍ണ
1420 കളിലും
1430
കളിലുമായി സുല്‍ത്താന്‍ മുറാദിന്റെ കീഴിലുള്ള ഓട്ടോമന്‍ സൈന്യം നേടിയെടുത്ത സൈനിക
നേട്ടങ്ങള്‍ യൂറോപ്പിലേക്കുള്ള അവരുടെ വ്യാപനത്തിന് കൂടുതല്‍ സഹായിക്കുന്നതായിരുന്നു.
ഹംഗറിയോടും സെര്‍ബിയയോടുമുള്ള പോരാട്ടങ്ങള്‍ കാരണം നിരവധി യൂറോപ്യന്‍ പ്രദേശങ്ങള്‍
അവര്‍ കീഴടക്കിയിരുന്നു. യൂറോപ്പിലേക്കുള്ള ഉസ്മാനികളുടെ മുന്നേറ്റത്തെ തടയിടാനായി
1443 ല്‍
അന്നത്തെ പോപ്പ് യൂജിന്‍ നാലാമന്‍ ആഭ്യന്തര യുദ്ധവും പരസ്പര പോരും അവസാനിപ്പിച്ച
ഹംഗറിയുടെയും മറ്റു ബാല്‍ക്കണ്‍ പ്രവിശ്യകളുടെയും രാജ്യതലവന്മാരെ വിളിച്ചുചേര്‍ത്ത
കൂടിക്കാഴ്ചയിലാണ് പുതിയൊരു കുരിശു യുദ്ധം ആരംഭിക്കാന്‍ പ്രഖ്യാപനം നടത്തിയത്.
അതിനു മുമ്പുള്ള വര്‍ഷങ്ങളില്‍ നടന്ന ഉസ്മാനികളും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും
തമ്മിലുള്ള യുദ്ധങ്ങളെയെല്ലാം കുരിശു യുദ്ധങ്ങളുടെ ഭാഗമായിത്തന്നെയാണ്
ചരിത്രകാരന്മാര്‍ പരിഗണിച്ചിട്ടുള്ളത്. 1440 മുതല്‍
ഹംഗറിയുടെയും ക്രൊയേഷ്യയുടെയും രാജാവായിരുന്ന ലാഡിസ്‌ളൊ മൂന്നാമന്‍ ഹംഗറിയുടെ
സൈനിക നേതാവായിരുന്ന ജോണ്‍ ഹുന്‍യാദി,
ഹംഗറിയിലെ തന്നെ മറ്റു രാഷ്ട്രീയ നേതാക്കള്‍, ബുര്‍ഗന്‍ജഡിയിലെ ഡ്യൂക്കായിരുന്ന ഫിലിപ്പ് മൂന്നാമന്‍ തുടങ്ങിയവരെല്ലാം
അന്ന് ചര്‍ച്ചയിൽ പങ്കെടുത്തിരുന്നു. 1444 ലാണ് ഈ
പോരാട്ട പരമ്പരയിലെ പ്രധാന യുദ്ധമായ ബാറ്റില്‍ ഓഫ് വെര്‍ണ നടന്നത്.
കത്തോലിക്ക സഭക്ക് അവരുടെ നിലനില്‍പിന്
ഈ യുദ്ധം അനിവാര്യമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇത്തരം ഒരു കുരിശു
യുദ്ധം അവര്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഹംഗറിയിലുണ്ടായ ആഭ്യന്തര യുദ്ധം കാരണം
നീട്ടിവെക്കുകയായിരുന്നു. കുരിശു യുദ്ധത്തിന്റെ ഭാഗമായി പലയിടത്തും വെച്ച് നിരവധി
പോരാട്ടങ്ങള്‍ നടന്നു. ഇക്കാലമായപ്പോഴേക്കും ജോണ്‍ ഹുന്‍യാദി ക്രിസ്ത്യൻ സൈന്യത്തിൻ്റെ
വീരപരിവേഷം കിട്ടിയ പ്രധാന പോരാളിയായി മാറിയിരുന്നു. ഹുന്‍യാദിയിലൂടെ തങ്ങളുടെ
മോചനം അവർ സ്വപ്നം കണ്ടു. അതിന് താൻ അർഹനാണെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു
അദ്ദേഹത്തിൻ്റെ ആദ്യകാല പോരാട്ടങ്ങളും. 1441 ലും 1442 ലുമായി ഹുന്‍യാദിക്ക്
കീഴിലുള്ള സൈന്യം പല തവണ ഓട്ടോമന്‍ സൈന്യത്തെ നേരിടുകയും പരാജയപ്പെടുത്തുകയും
ചെയ്തിട്ടുണ്ട്. 1443 ല്‍ ഹുന്‍യാദിയുടെ
സൈന്യം നിഷ്, സോഫിയ
എന്നീ ഓട്ടോമന്‍ പ്രദേശങ്ങള്‍ കീഴടക്കി. സെര്‍ബിയയുടെ പല പ്രദേശങ്ങളും ഈ സമയത്ത്
ഹുന്‍യാദി തിരിച്ചു പിടിക്കുകയുണ്ടായി. സ്ഥലകാലത്തിനനുസരിച്ചുള്ള സൈനിക
നീക്കത്തിനുള്ള ഹുന്‍യാദിയുടെ കഴിവ് ക്രസ്ത്യൻ സൈന്യത്തിൻ്റെ പലപ്പോഴുമുള്ള
വിജയത്തിന് വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്.
കുരിശു യുദ്ധത്തിന്റെ മുമ്പ് നടന്ന കാറാമാനിദുമായിട്ടുള്ള യുദ്ധത്തില്‍ നിന്ന് തിരിച്ചുവന്ന ഓട്ടോമന്‍ സൈന്യം പെട്ടെന്ന് ഉണ്ടായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ പൂര്‍ണമായും സജ്ജരായിരുന്നില്ല. അതിനാല്‍ തന്നെ അക്രമ ശൈലിക്കു പകരം പ്രതിരോധത്തിനാണ് തുടക്ക സമയത്ത് മുറാദ് പരിഗണന നല്‍കിയത്. യുദ്ധത്തിൽ ചില സമയങ്ങളിൽ ഓട്ടോമന്‍ സൈന്യം വലിയ തിരിച്ചടികൾ നേരിട്ടു. ഒരുവേള ജനറലും റുമേലിയയുടെ ‘ബെയ്‌ലാര്‍ ബേയി’യുമായ കാസിം പാഷയും കമാന്‍ഡര്‍ തുറാഹാന്‍ ബെയിയും യുദ്ധക്കളത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഇതേ സമയം, രണ്ട് വര്‍ഷമായി പ്രത്യേക
വരുമാനമില്ലാത്തതിനാല്‍ തീര്‍ന്നുകൊണ്ടിരുന്ന ഖജനാവ് സുല്‍ത്താന്‍ മുറാദിനെ
പ്രതിരോധത്തിലാക്കാൻ തുടങ്ങിയിരുന്നു. പരാജയങ്ങള്‍ നേരിട്ടതോടെ മെഹ്‌മദിനെ
പിന്തുണക്കുകയും ചാൻദാര്‍ലിയെ എതിര്‍ക്കുകയും ചെയ്തിരുന്ന മന്ത്രിമാര്‍ മുറാദ്
രാജിവെക്കണമെന്ന് ഉന്നയിച്ച സാഹചര്യം പോലുമുണ്ടായി. പക്ഷെ, ശൈത്യകാലം വന്നതോടെ സാഹചര്യം പലപ്പോഴും ഉസ്മാനികൾക്ക്
അനൂകൂലമായി മാറി. എങ്കിലും ഓട്ടോമന്‍ സൈന്യം പരാജയം നേരിട്ട ഒരു പോരാട്ടത്തിൽ സുല്‍ത്താന്‍
മുറാദിന്റെ മരുമകനും പ്രധാന മന്ത്രി ചാൻദാർലി ഖലീല്‍ പാഷയുടെ സഹോദരനുമായ മഹ്‌മൂദ് ബേയിയെ
കുരിശു പോരാളികള്‍ ബന്ധികളായി പിടികൂടുകയുമുണ്ടായി.
ഇതോടെ സമാധാന കരാറിനായിട്ടുള്ള ആവശ്യം സുല്‍ത്താന്‍
മുറാദിൻ്റെ കുടുംബത്തില്‍ നിന്നും രാഷ്ട്രീയ നേതാക്കന്മാരില്‍ നിന്നും തന്നെ
ശക്തമായി ഉയർന്നു. അതേ സമയം തന്നെ ക്രിസ്ത്യന്‍ സൈന്യത്തെ നിയന്ത്രിക്കുന്നവര്‍ക്കിടയിലും
അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ സമാധാന കരാറിനു സാഹചര്യമുണ്ടായി. ഹംഗറിയില്‍
നിന്ന് പൂര്‍ണമായി പിന്‍മാറണമെന്നതായിരുന്നു അന്ന് ക്രിസ്ത്യന്‍ പക്ഷം ഉന്നയിച്ച
പ്രധാന ആവശ്യങ്ങളിലൊന്ന്. പക്ഷെ, കുരിശു പോരാളികള്‍ ഈ സമാധാന കരാറിന് പൂര്‍ണമായും
പിന്തുണ നല്‍കിയിരുന്നില്ല എന്നതിനാൽ തന്നെ കരാര്‍ നടന്നിട്ടും രാഷ്ട്രീയ നേതാക്കള്‍ യുദ്ധം തുടരാൻ
ആഗ്രഹിച്ചു. ഈ സമയത്ത് തൻ്റെ ഭാര്യയും സെർബിയൻ പ്രിൻസസുമായിരുന്ന മാറാ ഹാതൂന്‍ വഴി
സെര്‍ബിയയുമായും സുല്‍ത്താന്‍ സമാധാന കരാറിലേർപ്പെട്ടു. ഇതിനായി മുറാദ്, താൻ
കീഴടക്കിയ പല സ്ഥലങ്ങളും സെർബിയക്കു തന്നെ തിരിച്ചു നല്‍കുകയും അവരെ സ്വതന്ത്രരായി
പരിഗണിക്കുകയും ചെയ്തു. കരാര്‍ നിലവില്‍ വന്നതോടെ സുല്‍ത്താന്‍ മുറാദ് രാഷ്ട്രീയ
ജീവിതത്തില്‍ നിന്നും പിന്‍വാങ്ങുകയും അധികാരം മകൻ മെഹ്‌മെദിന് നൽകി ബുര്‍സിയലേക്കു
പോവുകയും ചെയ്തു. അന്ന് തന്റെ ഇഷ്ട പുത്രനായിരുന്ന അലാഉദ്ദീന്റെ മരണം മുറാദിനെ
മാനസികമായി തളര്‍ത്തിയിരുന്നു.
പക്ഷെ, ഈ സമയത്ത് തന്നെ ഹുന്‍യാദി,
കരാര്‍ ലംഘിച്ച് പുതിയ സൈന്യത്തെ തയ്യാറാക്കുന്നുണ്ടായിരുന്നു. യുദ്ധത്തിലെ പരാജയം
മൂലം പല മന്ത്രിമാരും നേതാക്കളും പ്രധാന മന്ത്രിയായിരുന്ന ചാൻദാര്‍ലി ഖലീല്‍
പാഷക്കെതിരെ രംഗത്തു വന്നു തുടങ്ങി. ഇതോടെ ഓട്ടോമന്‍ സാമ്രാജ്യം ആഭ്യന്തര തര്‍ക്കത്തിലേക്ക്
പോകാന്‍ തുടങ്ങി. ഇതേ സമയം ബൈസന്റൈന്‍ സൈന്യം ചില ഓട്ടോമന്‍ പ്രദേശങ്ങള്‍ തങ്ങളുടെ
അധീനതയിലാക്കുകയും ചെയ്തു. തൻ്റെ ഭരണ പ്രദേശമായ പോളണ്ടിലെ തര്‍ക്കങ്ങല്‍ കാരണം
സമാധാന കരാറില്‍ ഒപ്പു വെച്ചിരുന്ന ലാഡിസ്ളൊവ് മൂന്നാമൻ പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുകയും
രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി ഹുൻയാദിക്ക് പിന്തുണയുമായി യുദ്ധത്തിലേക്ക് തിരിച്ചു
വരികയും ചെയ്തു. പക്ഷെ, സമാധാന കരാര്‍ ലംഘിക്കാന്‍ അന്ന് ബ്രാന്‍കോവിച്ച്
വിസമ്മതിക്കുകയും യുദ്ധത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു. ഹുന്‍യാദിയുടെ
സൈന്യവുമായി ലാഡിസ്ളൊവിന്റെ കീഴിലുള്ള സൈന്യം ചേരുകയും വന്‍ ശക്തിയായി മാറുകയും
ചെയ്തതോടെ മെഹ്‌മദിന് സാഹചര്യം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട
മന്ത്രിമാരും പ്രധാന മന്ത്രി ചാൻദാര്‍ലി ഖലീല്‍ പാഷയും മുറാദിനെ തിരിച്ചു
വിളിച്ചു. വലിയ സമ്മർദമുണ്ടായപ്പോൾ സുല്‍ത്താന്‍ മുറാദ് തിരിച്ചു വരികയും കുരിശു
പോരാളികള്‍ക്കെതിരെ വീണ്ടും സൈന്യത്തെ നയിക്കുകയും ചെയ്തു. 1444 ല്‍ ഇരുസൈന്യങ്ങളും
ഇന്നത്തെ ബൾഗേറിയയിൽ സ്ഥിതിചെയ്യുന്ന വര്‍ണയില്‍ വെച്ച് പോരാടുകയും ഉസ്മാനികൾ സമ്പൂര്‍ണമായി
വിജയിക്കുകയും ചെയ്തു. ഹംഗറിയുടെ രാജാവായിരുന്ന ലാഡിസ്ളൊ ഈ പോരാട്ടത്തിനിടയില്‍
വെച്ച് കൊല്ലപ്പെടുകയുമുണ്ടായി. ഈ വിജയത്തോടെ ഇസ്‌ലാമിക ലോകത്ത് ഓട്ടോമന്‍
ഭരണകൂടത്തിനും സുല്‍ത്താന്‍ മുറാദിനും വലിയ സ്വീകാര്യത കരസ്ഥമാക്കാന്‍ സാധിച്ചു.
യുദ്ധാനന്തരം ബുര്‍സിയിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിച്ച സുല്‍ത്താന്‍ മുറാദിനെ ഖലീല്‍
പാഷ ഇടപ്പെട്ടാണ് നിലനിര്‍ത്തിയത്.
പിന്നീടുള്ള പല വര്‍ഷങ്ങളിലായി
മുറാദ് പല സ്ഥലങ്ങളും തിരിച്ചു പിടിച്ചു. ഇക്കാലത്ത് ബള്‍ഗേറിയ പൂര്‍ണമായും
ഓട്ടോമന്‍ അധീനതയിലാവുകയും ചെയ്തു. 1147 ല്‍
നോര്‍ത്ത് അല്‍ബേനിയയിലേക്ക് മുറാദ് സൈനിക മുന്നേറ്റം നടത്തിയെങ്കിലും തന്റെ
സൈന്യവുമായി ഹുന്‍യാദി പുറപ്പെട്ടതറിഞ്ഞ സുല്‍ത്താന്‍ മുറാദ് തിരിച്ചു പോന്നു.
ലാഡിസ്ളൊ മരണപ്പെട്ടതോടെ കൂടുതല്‍ അധികാരം
ലഭിച്ച ഹുന്‍യാദിയുടെ ലക്ഷ്യം പുതിയൊരു കിരിശു യുദ്ധമായിരുന്നു. ഏകദേശം 5000 പോരാളികളുമായി
ദനൂബെയിൽ നിന്ന് പുറപ്പെട്ട ഹുന്‍യാദിക്ക് സെര്‍ബിയ പിന്തുണ നൽകിയില്ലെങ്കിലും
വലേഷ്യയില്‍ നിന്നടക്കമുള്ള നിരവധി സൈന്യങ്ങൾ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. 1448 ല്‍ കൊസോവയില്‍
വെച്ചാണ് സുല്‍ത്താന്‍ മുറാദിന്റെ സൈന്യം അവരെ നേരിട്ടത്. യുദ്ധത്തില്‍ വിജയിച്ച ഉസ്മാനികൾക്ക്
വലേഷ്യയെ ഒരിക്കല്‍ കൂടി തങ്ങളുടെ സാമന്ത രാജ്യമാക്കി മാറ്റാന്‍ കഴിഞ്ഞു. 1451 ലാണ് മുറാദ്
മരണപ്പെട്ടത്. തന്റെ ശേഷം അധികാരത്തര്‍ക്കം ഒഴിവാക്കാന്‍ മരിക്കുന്നതിന് മുമ്പ്
തന്നെ മെഹ്‌മെദിനെ അടുത്ത സുല്‍ത്താനായി മുറാദ് പ്രഖ്യാപിച്ചിരുന്നു. കോണ്‍സ്റ്റന്റിനോപ്പിള്‍
കീഴടക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന മുറാദ് ആ ദൗത്യം ഏല്‍പിച്ചത്
തന്റെ മകനെയായിരുന്നു.
പിൻഗാമിയെ നിയമിക്കുന്നു
മുറാദിന്റെ മരണ ശേഷം ഭരണത്തിലേറിയത് സുല്‍ത്താന്‍ മെഹ്‌മെദ് രണ്ടാമനാണ്. 1444 ല്‍ ആദ്യമായി മുറാദ് രാജിവെച്ച സമയത്ത് മെഹ്‌മെദ് സുല്‍ത്താനായെങ്കിലും മുറാദ് തിരിച്ചു വന്നതോടെ മെഹ്‌മെദ് അധികാരമൊഴിഞ്ഞു കൊടുക്കുകയായിരുന്നു. വര്‍ണ യുദ്ധത്തിലെ വിജയത്തിനു ശേഷം വിശ്രമ ജീവിതം നയിക്കാനായിരുന്നു മുറാദ് സ്ഥാനം മാറിക്കൊടുത്തതെന്നതാണ് പൊതുവെ കാണപ്പെടാറുള്ള കാരണം. ‘ഉസ്മാനിയ്യൂന്‍’ എന്ന പുസ്തകത്തില്‍ തുര്‍ക്കി പണ്ഡിതനും നഖ്ശബന്ദി ത്വരീഖത്തിന്റെ ആത്മീയ നേതാവുമായ ഉസ്മാന്‍ നൂരി തോബാശ് വ്യത്യസ്തമായ കുറച്ചു കാരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് സൂഫിസത്തോടുള്ള സുല്‍ത്താന്‍ മുറാദിന്റെ അതിയായ താല്‍പര്യമാണ്. വിശാലമായ സാമ്രാജ്യം ഭരിക്കുന്ന കാലത്തും ആത്മീയതയിലായിട്ടായിരുന്നു അദ്ദേഹം വ്യക്തിജീവിതം നയിച്ചിരുന്നത്. 1444 യുദ്ധ ശേഷം കൂടുതല്‍ ആത്മീയതയിലായി തുടര്‍ന്നുള്ള ജീവിതം കഴിച്ചു കൂട്ടാൻ സുല്‍ത്താന്‍ താല്‍പര്യപ്പെട്ടു എന്നതാണ് പ്രഥമ കാരണമെങ്കിലും പ്രധാനമായും മറ്റൊരു ലക്ഷ്യം കൂടി സുല്‍ത്താനുണ്ടായിരുന്നു. മുറാദിന്റെ കാലത്താണ് ശേഷം സുല്‍ത്താനായി വന്ന മെഹ്‌മെദിന്റെ ആത്മീയ ഗുരുവായിരുന്ന അക്ശംസുദ്ധീന്റെ ശൈഖും സൂഫിയുമായിരുന്ന ഹാജി ബൈറാം വലി തലസ്ഥാനത്തേക്കു വരുന്നതും മുറാദുമായി ബന്ധം സ്ഥാപിച്ചതും. കോണ്‍സ്റ്റൻ്റിനോപ്പിള്‍ കീഴടക്കുന്നതില്‍ നിന്ന് പിന്‍മാറേണ്ടി വന്ന സുല്‍ത്താന്‍ മുറാദിനോട് ആ ദൗത്യം നിറവേറ്റുന്നത് മെഹ്‌മെദായിരിക്കുമെന്ന് അന്ന് ബൈറാം വലി അറിയിക്കുന്നുണ്ട്. ഇതോടെ തന്റെ ജീവിത കാലത്ത് അത് നടക്കണമെന്ന് മുറാദ് ആഗ്രഹിക്കുകയും അതിനായി മെഹ്‌മെദിനെ പ്രാപ്തനാക്കാന്‍ സ്വയം സ്ഥാനമൊഴിയുകയും ചെയ്തു എന്നാണ് ഗ്രന്ഥകാരന്‍ പ്രതിപാദിക്കുന്നത്. പക്ഷെ, മെഹ്‌മെദ് ഭരണത്തിലേറിയതിനെ ശത്രുക്കള്‍ ഒരു അവസരമായി കാണുകയും ഒത്തൊരുമിച്ച് അക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തു. ഇതോടെ മുറാദിനോട് തിരിച്ചു വരാന്‍ മെഹ്‌മെദ് ആവശ്യപ്പെടുകയും അതിന് വിസമ്മതിച്ച മുറാദിന് സാഹചര്യം ബോധ്യപ്പെടുത്തി മെഹ്‌മെദ് വീണ്ടും കത്തയക്കുകയും ഇനിയും വിസമ്മതിച്ചാൽ തൻ്റെ അധികാരം ഉപയോഗിച്ച് മുറാദിനെ സൈനിക തലവനാക്കുമെന്നുമെന്നുമെല്ലാം പറഞ്ഞപ്പോഴാണ് മുറാദ് തിരിച്ചു വന്നതെന്നതാണ് ഉസ്മാന്‍ നൂരി തോബാശ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും ഗ്രന്ഥത്തിൽ ഈ വാദങ്ങളുടെയൊന്നും ഉറവിടം രേഖപ്പെടുത്തിയിട്ടില്ല എന്നത് പരാമർശിക്കേണ്ടതു തന്നെയാണ്.
1) History of Ottoman empire and modern Turkey volume 1 - Stanford Shaw
2) A history of ottoman empire - Douglas A Howard.
3) The rise of ottoman empire -Leyla Seyidova
4) Encyclopedia of the ottoman empire - Gabor Agoston and Bruce Masters
5) Osman's Dream - Carolina Finkel
6) The ottomans: it's prominent figures and institutions - Usman Nouri Topbas