അറബികളുടെ കടന്ന് വരവും സാമ്പത്തിക തകർച്ചയും

Ayasofya

1100 വർഷക്കാലം കോൺസ്റ്റാന്റിനോപ്പിളിൽ ബൈസാന്റെെൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി നിലകൊണ്ടു. ഇതിനിടയിൽ പല പ്രമുഖരായ ചക്രവർത്തിമാരും കഴിഞ്ഞുപോയി. ജസ്റ്റീനിയൻ ചക്രവർത്തി അവരിൽ പ്രമുഖനായിരുന്നു. അദ്ദേഹത്തിൻറെ ഭരണകാലത്ത് അനവധി യുദ്ധങ്ങൾക്ക് അദ്ദേഹം മുന്നിട്ടിറങ്ങി. പേർഷ്യൻ ഭരണകൂടത്തിനെതിരെയും യൂറോപ്യൻ ഭാഗങ്ങളിൽ ബർബറുകൾക്കെതിരെയും അദ്ദേഹം നിരന്തരമായി പോരാടി. ലോകം മുഴുവൻ തന്റെ കീഴിൽ കൊണ്ടുവരണമെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന്. കോൺസ്റ്റാന്റിനോപ്പിളിൽ നിലനിന്നിരുന്ന അനവധി കെട്ടിടസമുച്ചയങ്ങളും ചർച്ചുകളും അദ്ദേഹത്തിൻറെ കാലത്ത് പണികഴിപ്പിച്ചതാണ്. സെൻറ് സോഫിയ ചർച്ച് അടക്കം പല പ്രമുഖ ചർച്ചുകളും അദ്ദേഹത്തിൻറെ സൃഷ്ടിയാണ്. 

ജസ്റ്റീനിയൻ ചക്രവർത്തിയുടെ കാലത്ത്സാമ്രാജ്യത്തിന്റെ ഭാഷ ഗ്രീക്ക് ഭാഷയായി പരിണമിച്ചു. പണ്ട് ഉപയോഗിച്ചിരുന്ന ലാറ്റിൻ ഭാഷയെ അവർ പാടെ അവഗണിച്ചു. 

കാലങ്ങൾ കഴിഞ്ഞപ്പോൾ രാജാക്കന്മാരുടെ മികവിനാലും നിർമാണ ചാരുതിയാലും കോൺസ്റ്റാന്റിനോപ്പിൾ ലോകത്തിന്റെ തന്നെ തലസ്ഥാനമായി മാറി. ജസ്റ്റീനിയന്റെ മരണശേഷം ബൈസാന്റൈൻ സാമ്രാജ്യം ക്ഷയിച്ചു തുടങ്ങി. പിന്നീട് അതിന് പുനർജീവൻ നൽകുന്നത് ഹെറാക്ലിയസ് രാജാവാണ്. അദ്ദേഹം പല പുനരുദ്ധാരണ പ്രവർത്തനങ്ങളും കൊണ്ടുവന്നു. പേർഷ്യക്കാർ മുമ്പ് കീഴടക്കിയിരുന്ന ഈജിപ്ത്, ശാം, ഏഷ്യമൈനർ തുടങ്ങി പല സ്ഥലങ്ങളും അദ്ദേഹം തിരിച്ചുപിടിച്ചു. പക്ഷേ ഈ സ്ഥലങ്ങൾക്കൊന്നും കൂടുതൽ കാലം നിലകൊള്ളാൻ സാധിച്ചില്ല. വലിയ ശക്തിയായി ഉയർന്നു വന്ന അറേബ്യൻ മുസ്‌ലിംകൾ അപ്പോഴേക്കും ഈ സ്ഥലങ്ങളെല്ലാം കീഴടക്കി കഴിഞ്ഞിരുന്നു.

അറബികളുടെ കടന്നുകയറ്റമാണ് പിന്നീട് സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമാകുന്നത്. അറബികൾ മാത്രമല്ല, ബൾഗേറിയക്കാരും സാൾവുകളും ബൈസാന്റൈൻ പ്രദേശങ്ങൾ കീഴടക്കി തുടങ്ങി. ബാൽകാൻ പ്രവിശ്യകൾ സാമ്രാജ്യത്തിൽ നിന്ന് കീഴടക്കി അവിടം ഭരണം നടത്താനും സാമ്രാജ്യത്തിനെതിരെ നിരന്തരം പോരാട്ടങ്ങൾ നടത്താനും അവർക്കായി. അവരുടെ പോരാട്ടങ്ങൾ തലസ്ഥാന നഗരിയായ കോൺസ്റ്റാന്റിനോപ്പിളിന് നേരെയും എത്തിയിരുന്നു.

വർഷങ്ങൾ കഴിഞ്ഞപ്പോൾ സാമ്പത്തികമായും സാമ്രാജ്യം പിന്നോട്ട് ഓടാൻ തുടങ്ങി. സൈന്യത്തിൻറെ എണ്ണം കുറക്കാനും യുദ്ധക്കപ്പലുകൾ ജനോവക്കാർക്കും വെനീസുകാർക്കും വിൽക്കാനും വരെ അവർ നിർബന്ധിതരായി മാറിയിരുന്നു. 

സാമ്പത്തികമായും രാഷ്ട്രീയമായുമുള്ള ഇത്തരം കാരണങ്ങളാണ് പതിയെ ഈ മഹാ സാമ്രാജ്യത്തെ നിലം പരിശാക്കുന്നത്.

References:

1. فتح القسطنطينية ، الدكتور عبدالسلام عبدالعزيز فهمى

കോൺസ്റ്റാന്റിനോപ്പിൾ : മഹാവിജയത്തിന്റെ നാൾവഴികൾ -3

കോൺസ്റ്റാന്റിനോപ്പിൾ : മഹാവിജയത്തിന്റെ നാൾവഴികൾ -4

കോൺസ്റ്റാന്റിനോപ്പിൾ:മഹാവിജയത്തിന്റെ നാൾവഴികൾ -5

കോൺസ്റ്റാന്റിനോപ്പിൾ:മഹാവിജയത്തിന്റെ നാൾവഴികൾ -6

Post a Comment

Previous Post Next Post